
പാലക്കാട്: വാളയാര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നാലുവയസ്സുകാരനെ അമ്മ കിണറ്റിലെറിഞ്ഞു. കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. പാമ്പാമ്പള്ളം സ്വദേശി ശ്വേതക്കെതിരേ (22) വധശ്രമത്തിന് വാളയാര്‍ പോലീസ് കേസെടുത്തു.
ഞായറാഴ്ച 12-നും 12.30നും ഇടയില്‍ പമ്പാമ്പള്ളം മംഗലത്താന്‍ചള്ളയിലാണ് സംഭവം നടന്നത്. കിണറ്റില്‍നിന്ന് കുഞ്ഞിന്റെ ശബ്ദം കേട്ടാണ് വീടിനോട് ചേര്‍ന്ന് മറ്റൊരു വീടിന്റെ നിര്‍മാണജോലികള്‍ ചെയ്യുകയായിരുന്ന നാലുപേര്‍ ഓടിയെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
25 അടി താഴ്ചയുള്ള കിണറാണിത്. ഇതില്‍ പത്തടിയോളം വെള്ളമുണ്ടായിരുന്നു. ശരീരത്തിന്റെ പകുതിയോളം വെള്ളത്തിലായി കിണറിലുണ്ടായിരുന്ന മോട്ടോറിന്റെ പൈപ്പില്‍ പിടിച്ചുനില്‍ക്കുന്ന വിധത്തിലാണ് കുട്ടിയുണ്ടായിരുന്നത്.
നിലവിളി കേട്ട് തൊട്ടടുത്ത വീട്ടില്‍ ഇലക്ട്രിസിറ്റി ജോലികള്‍ ചെയ്യുകയായിരുന്ന സജിയാണ് ആദ്യം ഓടിയെത്തിയത്. പിന്നാലെ മൂന്നു തൊഴിലാളികളും എത്തി കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തു. ഇതിനിടെ നാട്ടുകാരാണ് സംഭവം പോലീസിനെ വിളിച്ചറിയിച്ചത്. അമ്മയാണ് കിണറ്റിലേക്ക് തള്ളിയിട്ടതെന്ന് കുഞ്ഞ് പറഞ്ഞതായി പോലീസ് പറഞ്ഞു. തുടര്‍ന്നാണ് പോലീസ് ശ്വേതയെ അറസ്റ്റു ചെയ്തത്.
മംഗലത്താന്‍ചള്ളയിലെ വാടകവീട്ടിലാണ് ശ്വേതയും അമ്മയും കുഞ്ഞും താമസിക്കുന്നത്. തമിഴ്‌നാട് സ്വദേശിയാണ് ശ്വേത. ഒരു മാസം മുമ്പാണ് ഇവിടെ താമസമാക്കിയത്. ഭര്‍ത്താവുമായി പിണങ്ങി താമസിക്കുകയാണ് വിവരമെന്ന് അയല്‍വാസികളായ ഭാഗ്യരാജ് പറഞ്ഞു. കുഞ്ഞിനെ വീട്ടില്‍ തനിച്ചാക്കിയാണ് ദിവസവും ജോലിക്ക് പോകുന്നതെന്നും പലപ്പോഴായി കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്നും ഭാഗ്യരാജ് പറഞ്ഞു. കുഞ്ഞിന്റെ നിലവിളി കേട്ടാണ് എല്ലാവരും ഓടിച്ചെന്നത്. ഈ സമയം ശ്വേത കിണറ്റിനരികെ കുഞ്ഞിനെ രക്ഷിക്കണമെന്ന് പറഞ്ഞ് കരയുന്നുണ്ടായിരുന്നെന്നും ഭാഗ്യരാജ് പറഞ്ഞു.
ശ്വേതയുടെ അമ്മ ഇവരോടൊപ്പം താമസമുണ്ടെങ്കിലും എപ്പോഴും വീട്ടിലുണ്ടാകാറില്ലെന്നും ഇവര്‍ പറഞ്ഞു. രണ്ടു വര്‍ഷത്തോളമായി പാമ്പാമ്പള്ളത്ത് വിവിധയിടങ്ങളിലായി കുടുംബം വാടകയ്ക്ക് താമസിച്ചുവരികയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. സംഭവമറിഞ്ഞ് ഭര്‍ത്താവ് സ്ഥലത്തെത്തി. കുഞ്ഞിപ്പോള്‍ ശ്വേതയുടെ ഭര്‍ത്താവിനും അമ്മയ്ക്കും ഒപ്പമാണ്.