ബെയ്ജിങ്ങ്: വിവാഹത്തോട് മുഖം തിരിച്ച് ചൈനയിലെ യുവജനങ്ങള്‍. രാജ്യത്ത് വയോധികരുടെ എണ്ണം വര്‍ധിക്കുന്നതിന് പിന്നാലെ ജനന നിരക്ക് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളോട് യുവതലമുറ മുഖം തിരിക്കുന്നതായി വ്യക്തമാക്കുന്നതാണ് പുറത്ത് വരുന്ന കണക്കുകള്‍. 2024 ല്‍ ചൈനയില്‍ നടന്ന വിവാഹങ്ങളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 20 ശതമാനം കുറവാണ് 2024ല്‍ രാജ്യത്തുണ്ടായത്. ചൈനയിലെ സിവില്‍ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ചാണ് ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട്.
2023ല്‍ 7.7 ദശലക്ഷം വിവാഹങ്ങള്‍ നടന്ന ചൈനയില്‍ 2024ല്‍ നടന്നത് 6.1 ദശലക്ഷം വിവാഹങ്ങള്‍ മാത്രമാണ്. 2013ല്‍ നടന്ന വിവാഹങ്ങളുടെ പകുതി പോലും വിവാഹങ്ങള്‍ 2024ല്‍ നടന്നിട്ടില്ലെന്നും കണക്ക് വ്യക്തമാക്കുന്നു. 1986 മുതല്‍ ഏറ്റവും കുറവ് വിവാഹങ്ങളാണ് 2024ല്‍ നടന്നിട്ടുള്ളത്. അതേസമയം മുന്‍ വര്‍ഷത്തേക്കാള്‍ വിവാഹമോചനം നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. 2024ല്‍ വിവാഹ മോചനത്തിനായി അപേക്ഷിച്ചിട്ടുള്ളത് 2.6 ദശലക്ഷം ദമ്പതികളാണ്. 2023നെ അപേക്ഷിച്ച് 1.1 ശതമാനം വര്‍ധനവാണ് ഇതിലുള്ളത്. ചൈനീസ് ചാന്ദ്ര കലണ്ടര്‍ അനുസരിച്ച് 2024നെ ശുഭകരമായി കാണാത്തതും വിവാഹം കുറഞ്ഞതിന് കാരണമായി വിലയിരുത്തുന്നുണ്ട്.
സാമ്പത്തിക സ്ഥിതിയിലുണ്ടാവുന്ന പ്രതിബന്ധങ്ങള്‍ മൂലം വിവാഹ ചെലവ് താങ്ങാനാവാതെ വരുന്നതും വിവാഹങ്ങള്‍ കുറയുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ചൈന ദശാബ്ദങ്ങളോളം ഒറ്റക്കുട്ടി നയം കര്‍ശനമായി നടപ്പിലാക്കിയിരുന്നു. നിലവില്‍ കൂടുതല്‍ കുട്ടികളുണ്ടാവാനായി ദമ്പതികളെ പ്രോത്സാഹിപ്പിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply