
കൊച്ചി: ശബരിമലയില്‍ പോലീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘പുണ്യം പൂങ്കാവനം’ പദ്ധതി അവസാനിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. പദ്ധതിയുടെ പേരില്‍ വന്‍ പണപ്പിരിവ് നടത്തിയെന്ന റിപ്പോര്‍ട്ടിലാണ് നടപടി. പദ്ധതിയുടെ പ്രവര്‍ത്തനത്തെപ്പറ്റി അന്വേഷിച്ച് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി. എം.ആര്‍.അജിത് കുമാറിനോട് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കോടതിയുടെ മുന്നിലേക്ക് എത്തിയത്. ഒരുമാസം മുന്‍പാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഞെട്ടിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. പുണ്യം പൂങ്കാവനം പദ്ധതിയുമായി യാതൊരു ബന്ധവുമില്ലെന്ന പരസ്യം ഉള്‍പ്പടെ ദേവസ്വം ബോര്‍ഡ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം എന്താണെന്ന് വ്യക്തമല്ല. അന്വേഷണം സംബന്ധിച്ചും ആര്‍ക്കെതിരെയെല്ലാം നടപടി ഉണ്ടാകുമെന്നുമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പരിശോധിച്ചതിനുശേഷമേ വ്യക്തമാകൂ.
2023 ഒക്ടോബറിലായിരുന്നു, ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് സോഫി തോമസും അടങ്ങിയ ദേവസ്വം ബെഞ്ച് സ്വമേധയാ എടുത്ത കേസില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിട്ടത്. പദ്ധതിയുടെ ഭാഗമായി ഫണ്ട് ശേഖരിച്ചതുമായി ബന്ധപ്പെട്ട് ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായുരുന്നു ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നത്. തുടര്‍ന്ന് ശബരിമല കോഓഡിനേറ്ററായിരുന്ന എ.ഡി.ജി.പി. എം.ആര്‍.അജിത് കുമാറിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പുണ്യം പൂങ്കാവനം, ദേവസ്വം ബോര്‍ഡ് നടപ്പാക്കുന്ന പവിത്രം ശബരിമല എന്നീ പദ്ധതികളുടെ പേരില്‍ ഭക്തരില്‍നിന്ന് ഒരു ഫണ്ടും ശേഖരിക്കരുതെന്നും കോടതി അന്ന് നിര്‍ദേശിച്ചിരുന്നു.
പരിസര ശുചീകരണബോധം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ 2011-ലാണ് പോലീസ് പുണ്യം പൂങ്കാവനം തുടങ്ങുന്നത്.പദ്ധതിക്ക് വലിയ പ്രചാരം കിട്ടുകയും പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്തില്‍വരെ പരാമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു
Discover more from MALAYALAM
Subscribe to get the latest posts sent to your email.