കോഴിക്കോട്: വീട്ടില്‍ പ്രസവം നടന്നുവെന്നതിന്റെ പേരില്‍ കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്താണ് പരാതി നല്‍കിയത്. 2024 നവംബര്‍ രണ്ടിന് ജനിച്ച കുട്ടിക്ക് നാല് മാസം കഴിഞ്ഞിട്ടും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല എന്ന് കാണിച്ച് മനുഷ്യാവകാശ കമ്മിഷനാണ് പരാതി നല്‍കിയത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഷറാഫത്തിന്റെ ഭാര്യ ആസ്‌നാ ജാസ്മിന്‍ ഗര്‍ഭകാലചികിത്സ തേടിയത്. ഒക്ടോബര്‍ 28 പ്രസവ തീയതിയായി ആശുപത്രിയില്‍ നിന്നും നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രസവവേദന അനുഭവപ്പെടാത്തതിനാല്‍ ഇവര്‍ വീട്ടില്‍ തന്നെ തുടര്‍ന്നു. പിന്നീട് രണ്ടാം തീയതി രാവിലെ പ്രസവവേദന അനുഭവപ്പെട്ടെന്നും ഉടന്‍ തന്നെ പ്രസവം നടന്നുവെന്നുമാണ് ഷറാഫത്ത് പറയുന്നത്. കുഞ്ഞ് പുറത്ത് വന്ന ശേഷം ഷറാഫത്ത് പുറത്ത് പോയി ബ്ലേഡ് വാങ്ങി വരികയും അതുപയോഗിച്ച് പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റുകയും ചെയ്തു.
രണ്ടിന് രാവിലെ 11 മണിയോടെയായിരുന്നു പ്രസവം. ഉച്ചയ്ക്ക് രണ്ടോടെ കെ സ്മാര്‍ട്ട് വഴി ജനന സര്‍ട്ടിഫിക്കറ്റിനായ അപേക്ഷ നല്‍കിയെന്നും ഷറാഫത്ത് പറയുന്നു. നാല് ദിവസം കഴിഞ്ഞ് ആശാ വര്‍ക്കര്‍ എത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍, ഇതുവരെ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. ഇതോടെയാണ് ഷറാഫത്ത് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.
ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ അത് പൊതുജന ആരോഗ്യ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നിരിക്കെ ഇതൊന്നും ഇവര്‍ പാലിച്ചിട്ടില്ലെന്നും മതിയായ രേഖകള്‍ ഇല്ലെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്. പ്രസ്തുത തീയതിയില്‍ പ്രസ്തുത വിലാസത്തില്‍ പ്രസവം നടന്നതിന്റെ രേഖകള്‍ ഹാജരാക്കിയാല്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് തടസ്സമില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply