
തിരുവനന്തപുരം: സമൂഹത്തില്‍ വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അതിനുതകുന്ന വിവിധ പദ്ധതികളുമായി സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീയുടെ അവകാശവും മാന്യതയും പലപ്പോഴും എഴുത്തുകളിലും ചര്‍ച്ചകളിലും മാത്രമായി ഒതുങ്ങിപ്പോകുന്നു. ഈ കാഴ്ചപ്പാട് തിരുത്തണം. സമൂഹത്തിന്റെ നല്ല പാതിയായ സ്ത്രീകളെ മനുഷ്യത്വത്തോടെയും ആദരവോടെയും കാണാനുള്ള മനസ്ഥിതി സമൂഹത്തിലാകെ വളര്‍ത്തുകയും ചെയ്യണം.
കേരള വനിതാ കമ്മീഷന്റെ അന്താരാഷ്ട്ര വനിതാ ദിനചാരണം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ 18900കേസുകളാണ് 2023 ല്‍ രജിസ്റ്റര്‍ ചെയ്തതെങ്കില്‍ കഴിഞ്ഞവര്‍ഷം ഇത് 17000 ആയി കുറഞ്ഞിട്ടുണ്ട്. സ്ത്രീധന പീഡന കേസുകളിലും ഗാര്‍ഹിക പീഡന കേസുകളിലും കുറവ് വന്നിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.
അപരാജിത, വനിതാ ഹെല്‍പ്പ് ലൈന്‍, സ്വയം പ്രതിരോധത്തിനായി സെല്‍ഫ് ഡിഫന്‍സ് തുടങ്ങിയ പദ്ധതികളും ആവിഷ്‌കരിച്ചു. ഡൊമസ്റ്റിക് കോണ്‍ഫ്ലിക്റ്റ് റെസലൂഷന്‍ സെന്ററിന്റെ സഹായവും സ്ത്രീകള്‍ക്ക് നല്‍കുന്നുണ്ട്. അപകടത്തില്‍പ്പെട്ടാല്‍ സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ ‘നിര്‍ഭയ’ ആപിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷിത താമസത്തിനായി ‘സഖി വണ്‍ സ്റ്റോപ്പ്’ പദ്ധതിയും സഞ്ചാരത്തിലെ സംരക്ഷണത്തിനായി ‘നിഴല്‍’ പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്.
പിങ്ക് പൊലീസ്, എന്റെ കൂട്, വണ്‍ ഡേ ഹോം തുടങ്ങിയ പദ്ധതികളും ശ്രദ്ധേയമാണ്. സ്ത്രീശാക്തീകരണത്തിനും സുരക്ഷയ്ക്കുമായി നടപ്പിലാക്കിയ ഇടപെടലുകളുടെ ഫലമായാണ് അതിക്രമങ്ങള്‍ കുറയ്ക്കാനായത്. എന്നാലും ഏറെ പുരോഗമിച്ച കേരളത്തിലെ സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇപ്പോഴും നടക്കുന്നു എന്നത് ഗൗരവതരമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ആദ്യമായി ജെന്‍ഡര്‍ ബജറ്റിങ് നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. ആകെ പദ്ധതികളുടെ 25 ശതമാനമെങ്കിലും സ്ത്രീശാക്തീകരണ പദ്ധതികള്‍ക്കായി മാറ്റിവയ്ക്കാനാണ് ജെന്‍ഡര്‍ ബജറ്റിങ് നടപ്പിലാക്കിയത്. ഇതിനെ ഐക്യരാഷ്ട്രസഭ കഴിഞ്ഞവര്‍ഷം അഭിനന്ദിച്ചിരുന്നു. സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സംരംഭങ്ങളില്‍ 36 ശതമാനത്തോളം പദ്ധതികള്‍ സ്ത്രീകളുടേതാണ്. സ്ത്രീകളുടെ സ്വയംപര്യാപ്തത ഉറപ്പുവരുത്താന്‍ സഹായകമാകുന്ന വിധത്തില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ വഴി കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഒന്നര ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി.
വനിതകളെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ തൊഴിലുകള്‍ക്ക് പ്രാപ്തമാക്കാന്‍ ഡിജിറ്റല്‍ പാഠശാല പദ്ധതിയും നൈപുണ്യ വര്‍ദ്ധനവ് ലക്ഷ്യമിട്ടുള്ള പ്രത്യേക പദ്ധതികളും നടപ്പാക്കി. സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കും വിദേശ ജോലികള്‍ക്കുമായി സ്ത്രീകള്‍ക്ക് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. വനിതകള്‍ക്കായുള്ള നിരവധി ഹോസ്റ്റലുകള്‍ സജ്ജമാവുകയാണ്. സര്‍ക്കാരിന്റെ ഇത്തരം ഇടപെടലുകളുടെ ഭാഗമായി കേരളത്തില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായി. പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വ്വേ പ്രകാരം തൊഴിലെടുക്കുന്ന സ്ത്രീകളുടെ കാര്യത്തില്‍ 16ശതമാനം വര്‍ധനവാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. കേരളത്തിലെ ആകെ തൊഴില്‍ ശക്തിയുടെ 37 ശതമാനവും സ്ത്രീകളാണ്. പൊതുഇടങ്ങളിലും തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്ക് ഭയരഹിതമായി നിലകൊള്ളാമെന്ന അവസ്ഥ ഉറപ്പുവരുത്തുന്നതിന് വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സ്ത്രീശാക്തീകരണത്തിനായി മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്ഥാപനമാണ് കേരള വനിതാ കമ്മീഷന്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനംകൊണ്ട് ഒട്ടേറെ ശ്രദ്ധേയമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വനിതാ കമ്മീഷന് കഴിഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമം തടയുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ ജാഗ്രതാസമിതികള്‍ എന്ന ആശയം ആദ്യം മുന്നോട്ടുവെച്ചതും കേരള വനിതാ കമ്മീഷനാണ്. സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ കേരളത്തിന് എന്നും പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ഇത്രയേറെ മഹത്തായ സ്ത്രീശാക്തീകരണ ചരിത്രം ഉണ്ടായിട്ടും പൊതുസ്ഥലങ്ങളില്‍ ആത്മവിശ്വാസത്തോടെ എത്തിച്ചേരാന്‍ ഇപ്പോഴും സ്ത്രീകള്‍ മടിക്കുന്നുണ്ട്. ഇതിന് മാറ്റം ഉണ്ടാക്കുന്നതിനുള്ള അവസരമായി കൂടി വനിതാ കമ്മീഷന്‍ ആഭിമുഖ്യത്തിലുള്ള പരിപാടികള്‍ മാറുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ കേരള വനിതാ കമ്മീഷന്റെ സ്ത്രീ ശക്തി, ജാഗ്രതാ സമിതി പുരസ്‌ക്കാരങ്ങള്‍ മുഖ്യമന്ത്രി സമ്മാനിച്ചു.
കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ പി സതീദേവി അധ്യക്ഷത വഹിച്ചു. മേയര്‍ ആര്യ രാജേന്ദ്രന്‍, ഡെപ്യുട്ടി മേയര്‍ പി കെ രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാര്‍, കേരള വനിതാ കമ്മീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, സ്ത്രീ ശക്തി, ജാഗ്രതാ സമിതി പുരസ്‌ക്കാര ജേതാക്കളായ കെ. ഓമനക്കുട്ടി ടീച്ചര്‍, സോഫിയ ബീവി, ലക്ഷ്മി ഊഞ്ഞാംപാറക്കുടി, ധനുജകുമാരി, എസ്. സുഹദ തുടങ്ങിയവര്‍ പങ്കെടുത്തു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.