2019-നും 2021-നും ഇടയിൽ ആഗോള ആയുർദൈർഘ്യത്തിൽ 1.8 വർഷത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണിത്. കോവിഡ് ജീവൻ എടുക്കുക മാത്രമല്ല ജീവിത നിലവാരത്തെ കാര്യമായി ബാധിച്ചതായും വേൾഡ് ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് 2025 റിപ്പോർട്ടിൽ പറയുന്നു.

ആരോ​ഗ്യ പുരോ​ഗതി കൈവരിക്കുന്ന കാര്യത്തിൽ സമൂഹം ഇപ്പോഴും രണ്ട് തട്ടായിത്തന്നെ തുടരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഒരുഭാ​ഗത്ത് മികച്ച വായു ​ഗുണനിലവാരവും വെള്ളവും ശുചിത്വവും ലഭിച്ച് 140 കോടിയിലധികം ആളുകൾ ആരോഗ്യകരമായ ജീവിതം നയിക്കുന്നു. അതേസമയം, ചില മേഖലകളിൽ ഇവയെല്ലാം ആശങ്കാജനകമായി തന്നെ തുടരുകയാണ്.

ഏകദേശം 43.1 കോടി ആളുകൾക്ക് മാത്രമാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാതെ ആവശ്യമായ ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നത്. ഇതിന് പുറമെ, 63.7 കോടി ആളുകൾക്ക് മാത്രമാണ് ആരോ​ഗ്യ അടിയന്തര സാഹചര്യങ്ങളിൽ മികച്ച സംരക്ഷണം ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് ആ​ഗോളതലത്തിൽ ആരോ​ഗ്യരം​ഗം കൈവരിക്കുമെന്ന് പ്രതീക്ഷിച്ച ലക്ഷ്യങ്ങളിലും വളരെ താഴെയാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

ഇതിന് പുറമെ, മാതൃ, ശിശു മരണങ്ങൾ വേണ്ടത്ര വേഗത്തിൽ കുറയുന്നില്ലെന്ന മുന്നറിയിപ്പും റിപ്പോർട്ട് നൽകുന്നു. 2000 നും 2023 നും ഇടയിൽ മാതൃമരണങ്ങൾ 40 ശതമാനത്തിലധികം കുറഞ്ഞിരുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണങ്ങൾ പകുതിയിലധികവും കുറഞ്ഞു. എന്നാൽ, ഈ പുരോ​ഗതി ഇപ്പോൾ നിലച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

മതിയായ ഫണ്ടില്ലാത്തത്, പരിശീലനം ലഭിച്ച ജീവനക്കാരുടെ കുറവ്, വാക്സിനേഷൻ, സുരക്ഷിതമായ പ്രസവം തുടങ്ങിയ പ്രശ്‌നങ്ങളാണ്‌
ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ഉടനടി നടപടിയുണ്ടായില്ലെങ്കിൽ 2030-ഓടെ 7,00,000 മാതൃ മരണങ്ങളും അഞ്ച് വയസ്സിന് താഴെയുള്ള 80 ലക്ഷം ശിശു മരണങ്ങളും ലോകത്ത് ഉണ്ടാകാമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകി.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply