കൊല്ലം: സംസ്ഥാനത്ത് നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിലും വിവിധ മേഖലകളിലെ വിഭവസമാഹരണത്തിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിലും ഊന്നല്‍ നല്‍കി സി.പി. എമ്മിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തയ്യാറാക്കിയ നവകേരളത്തിനായുള്ള പുതുവഴി നയരേഖ. സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും സംസ്ഥാനത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിവിധ തരത്തിലുള്ള നിക്ഷേപങ്ങള്‍ സമാഹരിക്കാന്‍ പറ്റുന്ന സംവിധാനങ്ങളെ വികസിപ്പിച്ചെടുക്കുകയെന്നത് പ്രധാന ഉത്തരവാദിത്വമായി ഏറ്റെടുക്കാന്‍ കഴിയണമെന്നും അതിനുതകുന്ന സംവിധാനങ്ങളെ വികസിപ്പിക്കാനാകണമെന്നും നയരേഖ പറയുന്നു.
ഏറെക്കാലമായി വര്‍ധനവുകളൊന്നും വരുത്താത്ത നിരവധി മേഖലകളുണ്ട്. അത്തരം മേഖലകളില്‍നിന്ന് വിഭവസമാഹരണം എത്രത്തോളം സാധ്യമാകും എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും സഹകരണ മേഖലയേയും ഉപയോഗപ്പെടുത്തി കാര്‍ഷിക വിപണന മേഖലകളില്‍ നല്ലനിലയില്‍ ഇടപെടുന്നതിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. അവ ഫലപ്രദമായി ഉപയോഗിക്കുന്നതിന് കഴിഞ്ഞിട്ടില്ലെന്നും അക്കാര്യത്തില്‍ സവിശേഷമായി ഇടപെടാനാകണമെന്നും നയരേഖ പറയുന്നു.
ഡാമില്‍നിന്ന് മണല്‍ വാരുന്ന പ്രശ്‌നം നേരത്തെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണെന്നും ഈ മേഖലയിലെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നും നയരേഖ പറയുന്നു. സെസുകള്‍ ചുമത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കേണ്ടതുണ്ട്. എല്ലാ സൗജന്യങ്ങളും സമ്പന്ന വിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ നല്‍കേണ്ടതുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. വരുമാനത്തിനനുസരിച്ച് പ്രത്യേക വിഭാഗങ്ങളിലാക്കി ഫീസ് ഈടാക്കാനുള്ള സാധ്യതയെക്കുറിച്ചും ആലോചിക്കണം, നയരേഖ പറയുന്നു.
വിവിധ മേഖലകളില്‍നിന്ന് ലീസുകളും മറ്റുമായി ലഭിക്കേണ്ട തുകകള്‍ കൃത്യമായി പിരിച്ചെടുക്കാനും അതുവഴി വിഭവസമാഹരണത്തിന്റെ സാധ്യതകള്‍ പരിശോധിക്കേണ്ടതുണ്ട്. നാമമാത്രമായ നികുതികള്‍ നിലനില്‍ക്കുന്ന മേഖലകളെ കണ്ടെത്തി അവ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം. റെയില്‍വെ, മെട്രോ, റോഡ്, ജലഗതാഗതങ്ങള്‍ എന്നിവ ചേര്‍ത്ത് അതിവേഗ മള്‍ട്ടി മോഡല്‍ പൊതുഗതാഗത സംവിധാനം കൊണ്ടുവരും. സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍പാതയും ശബരിമല വിമാനത്താവളവും യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും നയരേഖ പറയുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply