പങ്കാളിയെ കണ്ടെത്താനായി ഡേറ്റിങ് ആപ്പുകളെയും സൈറ്റുകളെയുമൊക്കെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്. ലോകമെമ്പാടും നിരവധി ഡേറ്റിങ് സൈറ്റുകളുമുണ്ട്. എന്നാല്‍ വ്യാജ ഡേറ്റിങ് ആപ്പുകളിലും മറ്റും വഞ്ചിക്കപ്പെടുന്നവരും കുറവല്ല. അത്തരമൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു ഓസ്ട്രേലിയന്‍ യുവതി. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാള്‍ കോടികള്‍ തട്ടിയെന്നും വീടുള്‍പ്പെടെ നഷ്ടപ്പെട്ടെന്നും പറയുകയാണ് പെര്‍ത്ത് സ്വദേശിയായ ആനറ്റ് ഫോര്‍ഡ്.
ന്യൂസ്.കോം.എയു വിന്റെ റിപ്പോര്‍ട്ട് പ്രകാരം 33-കാരിയായ യുവതി വിവാഹമോചനത്തിന് ശേഷമാണ് മറ്റൊരു പങ്കാളിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിനായി ഒരു ഡേറ്റിങ് സൈറ്റിനെ സമീപിക്കുകയും ചെയ്തു. പ്ലെന്റി ഓഫ് ഫിഷ് എന്നാണ് സൈറ്റിന്റെ പേര്. ഇതില്‍ വെച്ച് വില്ല്യം എന്നുപേരുള്ള യുവാവിനെ പരിചയപ്പെട്ടെന്നാണ് യുവതി പറയുന്നത്.
മാസങ്ങളോളം യുവതിയുമായി ബന്ധംസ്ഥാപിച്ച യുവാവ് അവരുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു. പിന്നാലെ പണം ചോദിക്കാനും തുടങ്ങി. ആദ്യം താന്‍ കൊള്ളയടിക്കപ്പെട്ടെന്ന് പറഞ്ഞാണ് യുവതിയോട് പണം ചോദിച്ചത്. മലേഷ്യയിലെ കുലാലംപുരില്‍ വെച്ച് കവര്‍ച്ച ചെയ്യപ്പെടുകയും കാര്‍ഡ് നഷ്ടപ്പെട്ടതിനാല്‍ 5000 ഡോളര്‍ (ഏകദേശം 2,75,000 രൂപ) വേണമെന്നുമാണ് പറഞ്ഞത്. പിന്നാലെ അയാള്‍ ആശുപത്രിയിലാണെന്നാണ് താന്‍ അറിയുന്നതെന്നും ചോദിച്ച പണം കൈമാറിയെന്നും യുവതി പറഞ്ഞു.
വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് യുവാവ് പണം ചോദിക്കുന്നത് തുടര്‍ന്നു. ഹോട്ടല്‍ ബില്‍ അടക്കാനും ജോലിക്കാര്‍ക്ക് ശമ്പളം നല്‍കാനുമൊക്കെ പൈസ ചോദിച്ചതായാണ് യുവതി പറയുന്നത്. കൈയിലുള്ള കാര്‍ഡ് ആക്സസ് ചെയ്യാനാകുന്നില്ലെന്നും പറഞ്ഞു. ഇയാള്‍ പണം ചോദിക്കുന്നത് തുടര്‍ന്നുകൊണ്ടിരുന്നതോടെയാണ് തട്ടിപ്പാണോയെന്ന സംശയം യുവതിക്ക് തോന്നുന്നത്. അപ്പോഴേക്കും കോടികള്‍ നഷ്ടപ്പെട്ടിരുന്നു.
ഇതിനുപിന്നാലെ യുവതി മറ്റൊരു തട്ടിപ്പിനും ഇരയായി.ഫേസ്ബുക്ക് വഴി പരിചയപ്പെട്ട നെല്‍സണ്‍ എന്ന പേരുള്ളയാളാണ് യുവതിയെ വഞ്ചിച്ചത്. താന്‍ ആംസ്റ്റര്‍ഡാമിലാണ് താമസിക്കുന്നതെന്നും സുഹൃത്ത് എഫ്.ബി.ഐ യിലാണെന്നും ഇയാള്‍ യുവതിയെ അറിയിച്ചു. പിന്നാലെ അന്വേഷണവുമായി ബന്ധപ്പെട്ട് സുഹൃത്തിന് 2500 ഡോളര്‍ ആവശ്യമാണെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിക്കുകയായിരുന്നു.
ഇത് നിഷേധിച്ചെങ്കിലും പിന്നാലെ ഇയാള്‍ യുവതിക്ക് പണം നല്‍കുകയും അത് ബിറ്റ്കോയിന്‍ എ.ടി.എമ്മിലേക്ക് നിക്ഷേപിക്കണമെന്ന് പറയുകയും ചെയ്തു. ഇതിന് പിന്നാലെ യുവതിയുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു. കോടികള്‍ നഷ്ടപ്പെട്ടതിന് പിന്നാലെ ചെറിയ തുകയ്ക്ക് മറ്റൊരു വീട് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവര്‍. ആരും ഇത്തരം തട്ടിപ്പില്‍ വീഴരുതെന്ന മുന്നറിയിപ്പും യുവതി നല്‍കുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply