
ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി ദീപിക കക്കറിന് കരളിൽ ട്യൂമർ കണ്ടെത്തി. ഭർത്താവ് ഷൊയ്ബ് ഇബ്രാഹിം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സെലിബ്രിറ്റി മാസ്റ്റർഷെഫ് ഇന്ത്യയുടെ ആദ്യ സീസണിലാണ് ദീപിക അവസാനമായി ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ദീപിക ഷോയിൽ നിന്ന് സ്വമേധയാ പിന്മാറിയതിന് പിന്നാലെയാണ് വിവരം പുറത്തുവരുന്നത്.
‘ഞങ്ങൾ ചണ്ഡീഗഢിലായിരുന്നപ്പോഴാണ് ദീപികയ്ക്ക് വയറുവേദന ആരംഭിക്കുന്നത്. അസിഡിറ്റി കാരണമാണെന്നാണ് കരുതിയത്. എന്നാൽ, വേദന കുറയാതായതോടെയാണ് ഒരു ഡോക്ടറെ കണ്ടത്. അദ്ദേഹം ചില ആന്റിബയോട്ടിക്കുകൾ നൽകുകയും രക്തപരിശോധന നടത്താൻ ആവശ്യപ്പെടുകയും ചെയ്തു.
മേയ് അഞ്ച് വരെ അവൾ ആന്റിബയോട്ടിക്കുകൾ കഴിയ്ക്കുകയും ഈ സമയത്ത് വേദന കുറയുകയും ചെയ്തിരുന്നു. എന്നാൽ, അധികം വൈകാതെ വീണ്ടും വേദന അനുഭവപ്പെട്ടു തുടങ്ങി. അതിനിടെ, പുറത്തുവന്ന രക്തപരിശോധനാ റിപ്പോർട്ടുകളും പുറത്തുവന്നു. ഇതിൽ, അവളുടെ ശരീരത്തിലെ അണുബാധയെക്കുറിച്ച് വ്യക്തമായിരുന്നു.
ഇതോടെ, ഡോക്ടർ വീണ്ടും വരാൻ ആവശ്യപ്പെട്ടു. ഒരു സിടി സ്കാൻ കൂടെ ചെയ്തതോടെയാണ് ദീപികയുടെ കരളിലെ ഇടതുവശത്ത് ട്യൂമറുള്ളത് വ്യക്തമായത്. ഇതിന് ഒരു ടെന്നീസ് ബോളിന്റെ വലിപ്പമുണ്ട്’, ഷൊയ്ബ് ഇബ്രാഹിം തന്റെ വ്ലോഗിൽ പറഞ്ഞു. ദീപികയ്ക്ക് ബിനൈന്‍ ട്യൂമറാണെന്നും ഇബ്രാഹിം തന്റെ വ്ലോഗിൽ കൂട്ടിച്ചേർത്തു.
2018-ലാണ് ദീപിക കക്കറും ഷൊയ്ബ് ഇബ്രാഹിമും വിവാഹിതരാകുന്നത്. ഇവർക്ക് റുഹാൻ എന്ന പേരുള്ള ഒരു മകനുണ്ട്.
