ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകത്തിൽ ഭാര്യ പല്ലവി അറസ്റ്റിൽ.
കുടുംബവഴക്കിനെ തുടർന്ന് ഭാര്യ തന്നെയാണ് ഓം പ്രകാശിനെ കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്. ഓം പ്രകാശ് തന്നെ മാനസികമായി പീഡിപ്പിക്കുന്നതായി പല്ലവി ഐപിഎസ്‌ ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പിൽ മെസ്സേജ് അയച്ചിരുന്നു. കൊലപാതക വിവരം പൊലീസിനെ അറിയിച്ചതും പല്ലവി തന്നെയാണ്. കൊലപാതക സമയത്ത്‌ മകൾ ഒപ്പമുണ്ടായിരുന്നു. മകളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.

വിരമിച്ച മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വീഡിയോകോള്‍ ചെയ്ത് താന്‍ ‘ആ പിശാചിനെ കൊന്നു’ എന്ന് പല്ലവി പറഞ്ഞതായും ആ സുഹൃത്ത് പൊലീസിനെ ഇക്കാര്യമറിയിച്ചതായും റിപ്പോർട്ട് ചെയ്യുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് വസതിയിലെത്തിയ പൊലീസ് കുത്തേറ്റ നിലയില്‍ ഓം പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയതായും റിപ്പോര്‍ട്ടിൽ പറയുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഓം പ്രകാശ് നേരത്തെ ചില അടുത്ത അനുയായികളോട് ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും മറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഞായറാഴ്ച ഉച്ചയോടെയാണ് ഓം പ്രകാശിനെ വീട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്. പൊലീസ് എത്തുമ്പോള്‍ ഭാര്യയും മകളും വീടിന്റെ സ്വീകരണമുറിയില്‍ ഉണ്ടായിരുന്നു. പൊലീസ് ആവശ്യപ്പെട്ടിട്ടും ഇവര്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായത്. കര്‍ണാടക കേഡര്‍ 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ്, സംസ്ഥാന ഡിജിപിയായും ഐജിപിയുമായും സേവനമനുഷ്ഠിച്ചയാളാണ്. 2015 ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply