
പരസ്പരം ഒത്തുചേർന്നു പോകാത്ത രണ്ടു വ്യക്തികൾ തമ്മിൽ വേർപിരിയുന്നത് സ്വയം പുതുക്കലിനുള്ള ഒരു അവസരമായാണ് ഇന്ന് അധികമാളുകളും കാണുന്നത്. പലരും കേക്ക് മുറിച്ചും സുഹൃത്തുക്കൾക്ക് പാർട്ടി കൊടുത്തുമൊക്കെ വിവാഹമോചനം ആഘോഷമാക്കുന്നതും കാണാറുണ്ട്. അടുത്തിടെ വൈറലായ ഒരു വീഡിയോ ഈ മാറ്റത്തിന്റെ തുടർച്ചയാണെന്ന് വേണമെങ്കിൽ പറയാം.
ഒരു സ്ത്രീ തന്റെ വിവാഹജീവിതം അവസാനിപ്പിച്ച വാർത്ത ലോകത്തോട് വിളിച്ചു പറഞ്ഞത് കണ്ണീരോടെ ആയിരുന്നില്ല. മറിച്ച് വളരെ ആഘോഷമായി കൈകളിൽ മെഹന്തി അണിഞ്ഞു കൊണ്ടായിരുന്നു. ‘ഒടുവിൽ വിവാഹമോചനം’ എന്ന് കോറിയിട്ടു കൊണ്ടുള്ളതായിരുന്നു ഇവരുടെ കൈകളിലെ മെഹന്തി. വിവാഹമോചനത്തിന്റെ വേറിട്ട ഈ പ്രഖ്യാപനം ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയാണ്.
കൈകളിൽ അവർ അണിഞ്ഞിരുന്ന മെഹന്തിയിൽ ‘100 ഗ്രാം സ്നേഹം’, ‘200 ഗ്രാം വിട്ടുവീഴ്ച’ എന്ന് എഴുതുകയും ഒപ്പം ഒരു തുലാസിന്റെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു. വിവാഹ വാഗ്ദാനം മുതൽ വിവാഹമോചനം വരെയുള്ള ഘട്ടങ്ങളുടെ പ്രതീകാത്മക ചിത്രമായിരുന്നു ഇവർ കയ്യിൽ ചിത്രീകരിച്ചിരുന്നത്. വിവാഹവാഗ്ദാനത്തിൽ ആരംഭിക്കുന്ന മെഹന്തി ചിത്രീകരണം അവസാനിക്കുന്നത് ഒരു ഹൃദയത്തിൻറെ ചിത്രത്തെ രണ്ടായി മുറിച്ചു കൊണ്ട് ‘ഒടുവിൽ വിവാഹമോചനം’ എന്ന് എഴുതുന്നിടത്താണ്.
വിവാഹമോചനം എന്നത് ഒരു തെറ്റായി സമൂഹം കണ്ടിരുന്ന കാലത്തിന് ഇപ്പോൾ മാറ്റമുണ്ട്. അസന്തുഷ്ടമായ വിവാഹബന്ധങ്ങൾ അവസാനിപ്പിച്ച് പുതിയ ജീവിതം തുടങ്ങുന്നതിന് ആരും മടി കാണിക്കേണ്ടതില്ല എന്ന ചിന്തയിലേക്ക് ഇന്ന് സമൂഹം മാറിക്കഴിഞ്ഞു എന്നതിന് തെളിവായാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇത്തരം പോസ്റ്റുകളെ കാണുന്നത്.
വിവാഹിതരായി എന്ന് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് പോലെ തന്നെ വിവാഹമോചനത്തെ കുറിച്ചും ആളുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ ലോകത്തോട് വിളിച്ചു പറയാൻ തുടങ്ങിയിരിക്കുന്നു. അതിനൊരു ഉദാഹരണം മാത്രമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്ന ഈ വിവാഹമോചന മെഹന്തി.
സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ഈ പോസ്റ്റിന് ലഭിച്ചത്. വിവാഹത്തോടുള്ള അനാദരവിന്റെയും ധാർമിക തകർച്ചയുടെയും അടയാളമായാണ് ചിലർ പോസ്റ്റിനെ വിമർശിച്ചത്. എന്നാൽ, അതേസമയം പോസ്റ്റിനെ അനുകൂലിച്ചവർ പ്രതികരിച്ചത് വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള ധീരവും പ്രതീകാത്മകവുമായ ചുവടുവെപ്പാണ് ഇതെന്നായിരുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.