യാത്രക്കാരന്‍ വെച്ചുമറന്ന ഫോണ്‍ തിരികെനല്‍കാന്‍ ടാക്സി ഡ്രൈവര്‍ യാത്ര ചെയ്തത് 150 കിലോമീറ്റര്‍. ഫോണ്‍ നഷ്ടമായ യുവാവ് തന്നെയാണ് ഇക്കാര്യം റെഡിറ്റിലൂടെ വെളിപ്പെടുത്തിയത്. ഇതോടെ ടാക്സി ഡ്രൈവര്‍ക്ക് പ്രശംസയുമായി നിരവധിപേരെത്തി.
ബെംഗളൂരുവില്‍ ഇക്കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാത്രി 11 മണിക്ക് ആപ്പിലൂടെ ടാക്സി ബുക്ക് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു യുവാവ്. ഫോണിന്റെ ബാറ്ററി തീരാറായ അവസ്ഥയിലായിരുന്നു. അതിനാല്‍ ബുക്ക് ചെയ്യാന്‍ സാധിച്ചില്ല. അപ്പോഴാണ് വഴിയില്‍ കണ്ട ടാക്സി ഡ്രൈവറോട് തന്നെ ഹെബ്ബാളിനടുത്ത് എത്തിക്കാമോ എന്ന് ചോദിച്ചത്. ചെറിയ ഓട്ടമായതിനാല്‍ പണം വേണ്ടെന്നും സ്ഥലത്ത് ആക്കാമെന്നും യുവാവിനോട് ടാക്സി ഡ്രൈവര്‍ പറഞ്ഞു.
സ്ഥലത്തെത്തിച്ചശേഷം ടാക്‌സി തിരികെ പോയി. പിന്നീടാണ് തന്റെ ഫോണ്‍ ടാക്‌സിയില്‍ വെച്ചുമറന്ന വിവരം യുവാവ് അറിയുന്നത്. ആപ്പിലൂടെ ബുക്ക് ചെയ്യാതെ ടാക്സി വിളിച്ചതിനാല്‍ ഡ്രൈവറെ ബന്ധപ്പെടാനും സാധിച്ചില്ല. നഷ്ടമായ ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച്ഡ്ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് സാംസങ്ങിന്റെ ട്രാക്കിങ് സേവനം പ്രയോജനപ്പെടുത്തി യുവാവ് ഫോണ്‍ എവിടെയാണെന്ന് ട്രാക്ക് ചെയ്തു. തന്നെ ഹെബ്ബാളിനടുത്താക്കിയ ടാക്സി ഡ്രൈവര്‍ നിലവില്‍ മൈസൂരിലാണെന്ന് അങ്ങനെയാണ് യുവാവ് അറിയുന്നത്.
താന്‍ ഇപ്പോള്‍ മൈസൂരിലാണെന്നും ബെംഗളൂരുവിലെത്തിയാല്‍ ഉടന്‍ ഫോണ്‍ നല്‍കാമെന്നും ടാക്സി ഡ്രൈവര്‍ യുവാവിന് വാക്ക് നല്‍കി. പിന്നീട് ഒരു ബസില്‍ തിരികെ ബെംഗളൂരുവിലെത്തി യുവാവിന് ടാക്സി ഡ്രൈവര്‍ ഫോണ്‍ കൈമാറുകയായിരുന്നു. ടാക്സി ഡ്രൈവറുടെ സത്യസന്ധത കണക്കിലെടുത്ത് താന്‍ ആയിരം രൂപ അദ്ദേഹത്തിന് നല്‍കിയെന്നും യുവാവ് റെഡിറ്റ് പോസ്റ്റില്‍ കുറിച്ചു. ആദ്യമൊന്നും അദ്ദേഹം അത് സ്വീകരിക്കാന്‍ കൂട്ടാക്കിയില്ലെങ്കിലും തന്റെ നിര്‍ബന്ധത്തിന് വഴങ്ങി അത് സ്വീകരിക്കുകയുമായിരുന്നുവെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.
നിരവധി റെഡിറ്റ് ഉപയോക്താക്കളാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. മനുഷ്യത്വം ഈ ലോകത്ത് ഇപ്പോഴും ശേഷിക്കുന്നുവെന്നാണ് ഒരാള്‍ പോസ്റ്റിന് പ്രതികരണമായി കുറിച്ചത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply