കൊച്ചി: ഗോകുലം ഗോപാലന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ്. ഏപ്രില്‍ 22-ന് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. വിദേശനാണയ വിനിമയച്ചട്ടലംഘനത്തിലെ(ഫെമ) തുടര്‍ചോദ്യംചെയ്യലിനാണ് ഗോകുലം ഗോപാലനെ ഇ.ഡി വീണ്ടും വിളിച്ചുവരുത്തുന്നത്. കഴിഞ്ഞദിവസം ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ ഗോകുലം ഗോപാലനെ ആറുമണിക്കൂറോളം ചോദ്യംചെയ്തിരുന്നു.

ഫെമ നിയമം ലംഘിച്ച് പ്രവാസികളില്‍നിന്ന് ചിട്ടികള്‍ക്കായി പണം സ്വീകരിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് 2022-ല്‍ ഇഡി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലെ തുടര്‍നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.

ചിട്ടികളില്‍ ചേര്‍ത്ത പ്രവാസികളുടെ സമ്പൂര്‍ണവിവരങ്ങള്‍ ഹാജരാക്കണമെന്ന് ഇഡി ഗോകുലം ഗോപാലനോട് നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തേ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പെന്‍ഡ്രൈവിലാക്കി ഇഡിയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍, കൂടുതല്‍വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് ഇഡിയുടെ നിര്‍ദേശം. പ്രവാസികളില്‍നിന്ന് ചട്ടം ലംഘിച്ച് ഏകദേശം 593 കോടിയോളം രൂപ ചിട്ടികള്‍ക്കായി സ്വീകരിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതില്‍ 75 ശതമാനവും പണമായാണ് സ്വീകരിച്ചതെന്നും ഇഡി പറയുന്നു.

അതേസമയം, ചിട്ടികള്‍ ചേര്‍ക്കുന്നസമയത്ത് ഇത്തരം നിയന്ത്രണങ്ങളെക്കുറിച്ച് ശ്രദ്ധിച്ചിരുന്നില്ലെന്നാണ് ഇഡിയ്ക്ക് മുന്നില്‍ ഗോകുലം ഗോപാലന്‍ നല്‍കിയ മൊഴിയെന്നാണ് വിവരം. ചിട്ടി ചേര്‍ന്നതിന് ശേഷം വിദേശത്തുപോയ പലരും ഉണ്ടെന്നും കഴിഞ്ഞദിവസം മൊഴി നല്‍കിയതായും വിവരങ്ങളുണ്ട്.

നേരത്തേ ഗോകുലം ഗോപാലന്റെ ചെന്നൈയിലെയും കോഴിക്കോട്ടെയും ഓഫീസുകളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെ പലഘട്ടങ്ങളിലായി ഗോകുലം ഗോപാലനെ ഇഡി വിശദമായി ചോദ്യംചെയ്യുകയുംചെയ്തു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply