കൊച്ചി: സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്കെതിരെ വീണ്ടും പരിഹാസവുമായി സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. സമരം നടത്തുന്നത് ഏതോ ഒരു ഈര്‍ക്കില്‍ സംഘടനയാണെന്നും മാധ്യമശ്രദ്ധ കിട്ടിയപ്പോള്‍ സമരം ചെയ്യുന്നവര്‍ക്ക് ഹരമായെന്നും എളമരം കരീം പരിഹസിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തൊഴിലാളി സംഘടനയായ സി.ഐ.ടി.യുവിന്റെ നേതാവ് കൂടിയായ കരീം.
‘ആരോഗ്യമേഖലയിലെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന സമരത്തിലേക്ക് ഒരിക്കലും ട്രേഡ് യൂണിയനുകള്‍ പോകാറില്ല. ഈ സമരം ചെയ്യുന്ന ആളുകള്‍ക്ക് അതൊന്നും ഒരു പ്രശ്നമല്ല. അവരെന്തോ ചെയ്യുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യമേഖലയിലെ കണക്കെടുപ്പുകള്‍, സര്‍വ്വേകള്‍ ഒന്നും നടക്കാതെയാകും. ഇതെല്ലാം കേന്ദ്രം ആവിഷ്‌കരിക്കുന്ന പദ്ധതിയാണ്. സര്‍വേകള്‍ യഥാസമയം നമ്മളെടുത്ത് കൊടുക്കുന്നില്ലെങ്കില്‍ ആ രോഗനിര്‍മ്മാര്‍ജ്ജനത്തിന് നല്‍കുന്ന കേന്ദ്രഫണ്ട് നഷ്ടപ്പെടും. അപ്പൊ ഇത്തരം ജോലികള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ച് പോകുന്നത് ശരിയല്ല. ഒരു ദിവസമോ രണ്ട് ദിവസമോ ആണെങ്കില്‍ എങ്ങനെയെങ്കിലും സഹിക്കാം. സര്‍ക്കാര്‍ അവരോട് ജോലിക്ക് കയറാന്‍ പറഞ്ഞത് സമരം പൊളിക്കാനല്ല.’ -എളമരം കരീം പറഞ്ഞു.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് എളമരം കരീം സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്കെതിരെ പരിഹാസമുയര്‍ത്തുന്നത്. തിങ്കളാഴ്ച ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ സമരത്തെ നാടകം എന്ന് വിളിച്ച കരീം സമരത്തിന് പിന്നില്‍ അരാജക സംഘടനകളാണെന്നും പറഞ്ഞിരുന്നു. മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ നടത്തിയ സമരത്തിന്റെ തനിയാവര്‍ത്തനമാണ് ഇത്. ഇതേ മാതൃകയില്‍ ആശ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ചാണ് സമരം ആരംഭിച്ചതെന്നും അദ്ദേഹം ലേഖനത്തില്‍ എഴുതി.
ആശ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ പാട്ടപ്പിരിവ് സംഘങ്ങളാണെന്നാണ് ചൊവ്വാഴ്ച കരീം കൊല്ലത്ത് പറഞ്ഞത്. പൊമ്പിളൈ ഒരുമൈ സമരവുമായി ആശ വര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും താരതമ്യപ്പെടുത്തിയ കരീം കേരളത്തിലെ 27,000 ആശ വര്‍ക്കര്‍മാരില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് ഇപ്പോള്‍ സമരം ചെയ്യുന്നതെന്നും പറഞ്ഞിരുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply