
കൊച്ചി: ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാന്‍ തിയേറ്ററുകളില്‍. 750ല്‍ ഏറെ സ്‌ക്രീനുകളിലാണ് കേരളത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അല്‍പം മുമ്പാണ് ആദ്യ പ്രദര്‍ശനം ആരംഭിച്ചത്. കൊച്ചിയില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളും എത്തിയിട്ടുണ്ട്. തിക്കും തിരക്കും മൂലമുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.
റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഒരു ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് എംപുരാന്‍. മലയാളത്തിലെ ആദ്യ 50 കോടി ഓപണിംഗ് (ആദ്യ ദിന കളക്ഷന്‍) നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാന്‍. അതും റിലീസ് ദിന തലേന്നാണ് ഈ നേട്ടത്തില്‍ എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ലോകമെമ്പാടും നേടിയിരിക്കുന്ന അഡ്വാന്‍സ് ബുക്കിംഗിലൂടെയാണ് ഈ നേട്ടം. മോഹന്‍ലാലിന്റെ തന്നെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനായിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ്. ചിത്രം 20 കോടിയാണ് ആദ്യ ദിനം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയിരുന്നത്. അതേസമയം കേരളത്തിലും ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ ഓപണിംഗ് നേടുമോ എന്നത് അറിയാനുള്ള കാത്തിരിപ്പിലാണ് ചലച്ചിത്ര ലോകം. നിലവില്‍ ഈ റെക്കോര്‍ഡ് വിജയ് നായകനായ തമിഴ് ചിത്രം ലിയോയ്ക്ക് ആണ്. 12 കോടിയാണ് ലിയോയുടെ കേരള ഓപണിംഗ്.
വന്‍ വിജയം നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഖുറേഷി അബ്രാം/ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നല്‍കിയത് ഒരു ഇന്റര്‍നാഷണല്‍ അപ്പീലാണ്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.