
പുനലൂര്‍: ക്രിസ്മസ്- പുതുവര്‍ഷ ബംപര്‍ ലോട്ടറി ടിക്കറ്റ് വ്യാജമായി നിര്‍മിച്ചു തന്റെ ലോട്ടറിക്കടകളിലൂടെ വിറ്റഴിച്ചു തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ സിപിഎം പുനലൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍. വാളക്കോട്ട് സ്കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന പുനലൂര്‍ ടിബി ജംക്ഷന് കുഴിയില്‍ വീട്ടില്‍ ബൈജുഖാന്‍ (38) ആണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ മുന്‍ വില്ലേജ് സെക്രട്ടറിയാണ്. പുനലൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ താല്‍ക്കാലിക ലിഫ്റ്റ് ഓപ്പറേറ്ററായിരുന്നു. ‘മിനി പമ്പ’ എന്നറിയപ്പെടുന്ന ടിബി ജംക്ഷനില്‍ മണ്ഡല കാലത്തു നൂറോളം കടകളുടെ കൂട്ടത്തിലാണു ബൈജുഖാന്റെ 2 ലോട്ടറിക്കടകളും പ്രവര്‍ത്തിച്ചിരുന്നത്. യഥാര്‍ഥ ടിക്കറ്റുകള്‍ ഏജന്‍സിയില്‍നിന്നു വാങ്ങി അതേ മാതൃകയില്‍ കളര്‍ പ്രിന്റ് എടുത്തു കഴിഞ്ഞ ഡിസംബര്‍ 12 മുതല്‍ 24 വരെ വില്പന നടത്തിയായിരുന്നു തട്ടിപ്പ്.