
പരമ്പരാഗതമായി മോണോഗമി എന്ന ഏക പങ്കാളി ജീവിതരീതിയാണ് നമുക്ക് കണ്ടുപരിചയമുള്ളത്. ഒന്നിലധികം പങ്കാളികളുള്ള പോളിഗമി ഇപ്പോഴും സമൂഹം അംഗീകരിച്ചിട്ടില്ല. അത് തെറ്റാണെന്നാണ് പലരുടേയും കാഴ്ച്ചപ്പാട്. ഇത്തരത്തില്‍ ഒന്നിലധികം പങ്കാളികളോടൊപ്പം ജീവിക്കുന്നവര്‍ക്ക് ജീവിതത്തില്‍ സന്തോഷമുണ്ടാകുമോ എന്നതും പലര്‍ക്കുമുള്ള സംശയമാണ്. ഇതിനുള്ള ഉത്തരം നല്‍കുകയാണ് പിയര്‍ റിവ്യൂഡ് ജേണലായ ദി ജേണല്‍ ഓഫ് സെക്സ് റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനം.
ഒന്നിലേറെ ജീവിതപങ്കാളികളുള്ളവര്‍ ഒരു പങ്കാളി മാത്രമുള്ളരെപ്പോലെ തന്നെ സന്തോഷമനുഭവിക്കുന്നവരാണെന്നാണ് പഠനം പറയുന്നത്. രണ്ട് കൂട്ടരും തമ്മില്‍ പ്രകടമായ ഒരു വ്യത്യാസവുമില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഒരു ജീവിതപങ്കാളി മാത്രമുള്ളതാണ് മേന്മയേറിയ ജീവിതം എന്ന മിഥ്യയെ (മോണോഗമി-സുപ്പീരിയോറിറ്റി മിഥ്യ) പൊളിച്ചെഴുതുന്ന പഠനമാണ് ഇതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
യുഎസ്സിലേയും യൂറോപ്പിലേയും 35 പഠനങ്ങള്‍ വിശകലനം ചെയ്യുകയാണ് ഗവേഷകര്‍ ചെയ്തത്. രണ്ടുതരം റിലേഷന്‍ഷിപ്പിലുമുള്ള 24,489 പേരുടെ വിവരങ്ങളാണ് ഇവര്‍ പരിശോധിച്ചത്. ഇവര്‍ എല്ലാവരും തങ്ങളുടെ റിലേഷന്‍ഷിപ്പിലും ലൈംഗികജീവിതത്തിലും ഒരേ അളവില്‍ സംതൃപ്തരാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
‘ഒന്നില്‍ കൂടുതല്‍ ജീവിതപങ്കാളികളുടെ ബന്ധങ്ങളെ അപേക്ഷിച്ച് ഒരുജീവിതപങ്കാളി മാത്രമുള്ള ബന്ധങ്ങളിലാണ് അടുപ്പവും സംതൃപ്തിയും പരസ്പരവിശ്വാസവുമെല്ലാം കൂടുതല്‍ എന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാല്‍ ഈ വാര്‍പ്പുമാതൃകയെ പൊളിച്ചെഴുതുന്നതാണ് ഞങ്ങളുടെ പഠനം. പരസ്പരസമ്മതത്തോടെ ഒന്നിലേറെ ജീവിതപങ്കാളികളുമായി ജീവിക്കുന്നവരും അതേ അളവില്‍ സംതൃപ്തി അനുഭവിക്കുന്നു എന്നാണ് ഞങ്ങളുടെ പഠനത്തില്‍ കണ്ടെത്തിയത്.’ -പഠനത്തിന് നേതൃത്വം നല്‍കിയ ഓസ്‌ട്രേലിയയിലെ ലാ ട്രോബ് യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ബിഹേവിയറല്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സ് സ്‌കൂളിലെ പ്രൊഫസര്‍ ജോയല്‍ ആര്‍. ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.