ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിന് എതിരായ ഹര്‍ജികള്‍ ജസ്റ്റിസ് ജെ.ബി. പര്‍ഡിവാല അധ്യക്ഷനായ ബെഞ്ചിന് വിടണമെന്ന് കേരളം. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോടാണ് കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഈ ആവശ്യത്തില്‍ തീരുമാനം ഇപ്പോള്‍ പറയുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. കേരളത്തിന്റെ ഹര്‍ജികള്‍ മെയ് 13-ന് ആരംഭിക്കുന്ന ആഴ്ച്ച ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. മെയ് 13-നാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്.

നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകുന്നതിനെതിരെ രണ്ട് ഹര്‍ജികളാണ് കേരളം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. രാഷ്ട്രപതിയുടെ സെക്രട്ടറിക്കും, ഗവര്‍ണറുടെ സെക്രട്ടറിക്കും, കേന്ദ്ര സര്‍ക്കാരിനും എതിരെ നല്‍കിയ ഹര്‍ജി ലിസ്റ്റ് ചെയ്തിരുന്നത് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ്. ഈ ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോഴാണ് കേരളത്തിന്റെ ഹര്‍ജികള്‍ ജസ്റ്റിസ് ജെ.ബി. പര്‍ഡിവാല ബെഞ്ചിലേക്ക് വിടണം എന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിക്ക് എതിരെ നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ട് വിധി പ്രസ്താവിച്ചത് ജസ്റ്റിസ് പര്‍ഡിവാലയുടെ ബെഞ്ച് ആണെന്നും അതിനാലാണ് കേരളത്തിന്റെ ഹര്‍ജി ആ ബെഞ്ചിലേക്ക് വിടണം എന്ന് ആവശ്യപ്പെടുന്നത് എന്നും സംസ്ഥാനത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം പറയാന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തയ്യാറായില്ല.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply