
ചണ്ഡിഗഡ്: വിവാഹ ദിനത്തിൽ 24കാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിശ്രുത വധുവിൻ്റെ മുൻ കാമുകൻ അറസ്റ്റിൽ. ഗൗരവ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.ഹരിയാനയിലെ ബല്ലാബാഗിലെ സോതെയ് ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ച പിതാവ് നൽകിയ പരാതിയിലാണ് വധുവിൻ്റെ മുൻ കാമുകനായ സൗരവ് അറസ്റ്റിലായത്.
ഏപ്രിൽ 17നായിരുന്നു 24കാരനായ ഗൗരവ് എന്ന യുവാവ് കൊല്ലപ്പെട്ടത്. വിവാഹ ദിനത്തിൽ അഞ്ച് പേർ ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും കൊള്ളയടിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹം നിശ്ചയിച്ചതിന് ശേഷം മകനെ ഒരാൾ ഭീഷണിപ്പെടുത്തിയതായും നടന്നത് മോഷണ ശ്രമത്തിന് ഇടയിലുള്ള കൊലപാതകമല്ലെന്നും ആരോപിച്ച് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗൗരവിൻ്റെ പ്രതിശ്രുത വധുവിൻ്റെ മുൻ കാമുകനായ സൗരവ് അറസ്റ്റിലായത്.
മാർച്ച് 28ന് സൗരവ് ഫരീദാബാദിൽ വെച്ച് മകനെ ഭിഷണിപ്പെടുത്തിയിരുന്നുവെന്നും ഗൗരവിൻ്റെ പിതാവ് പരാതിയിൽ പറയുന്നു. വിവാഹ വേദിയിലേക്ക് എത്തിയാൽ കൊലപ്പെടുത്തുമെന്നായിരുന്നു സൗരവ് ഭീഷണിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഗൗരവ് പൊലീസിൽ പരാതി നൽകിയിരുന്നു എന്നാൽ പൊലീസ് ഇടപെട്ട് കേസ് രമ്യതയിലാക്കുകയായിരുന്നു. സൗരവ് ക്ഷമാപണം നടത്തിയതിന് ശേഷമായിരുന്നു സ്റ്റേഷനിൽ നിന്ന് ഇറങ്ങിയത്. ഗ്രാമത്തിലെ മുതിർന്നവരുടെ സാന്നിധ്യത്തിലായിരുന്നു ഈ സംഭവം ഒത്തുതീർപ്പാക്കിയതെന്നും പിതാവ് പറയുന്നു.
എന്നാൽ വിവാഹ ദിവസം ഉച്ചയോടെ കാറിൽ പോവുകയായിരുന്ന ഗൗരവിനെ അഞ്ചംഗ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. തോക്ക് ചൂണ്ടി യുവാവിനെ കാറിൽ നിന്ന് ഇറക്കിയ ശേഷം ബേസ്ബോൾ ബാറ്റും ഇരുമ്പ് വടികളും ഉപയോഗിച്ചായിരുന്നു മർദ്ദനം. യുവാവിന്റെ തലയിലും കാലിലും ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. വിവാഹ നിശ്ചയ സമയത്ത് പ്രതിശ്രുത വധുവിൻ്റെ വീട്ടുകാർ സമ്മാനിച്ച സ്വർണമാലയും മോതിരവും അടക്കമുള്ള ആഭരണങ്ങളും സംഘം യുവാവിൽ നിന്ന് മോഷ്ടിച്ചിരുന്നു.
വീടിന് സമീപത്തെ റോഡിൽ നിന്നാണ് പരിക്കേറ്റ നിലയിൽ ഗൗരവിനെ വീട്ടുകാർ കണ്ടെത്തിയത്. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ നിയമാനുസൃതമല്ലാത്ത സംഘം ചേർന്നുള്ള ആക്രമണം എന്ന വകുപ്പായിരുന്നു അക്രമികൾക്കെതിരെ ചുമത്തിയത്. യുവാവ് മരിച്ചതോടെ കൊലപാതകം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അക്രമത്തിൽ പ്രതിശ്രുത വധുവിനും പങ്കുണ്ടെന്നാണ് മരിച്ച യുവാവിൻ്റെ പിതാവ് ആരോപിക്കുന്നത്. യുവാവിന്റെ ഫോട്ടോയും അഡ്രസും അടക്കമുള്ള വിവരം അക്രമി സംഘത്തിന് നൽകിയത് യുവതിയാണെന്നാണ് പിതാവ് ആരോപിക്കുന്നത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.