മുംബൈ: അപൂര്‍വ നാഡീരോഗം ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) ബാധിച്ച് മുംബൈയില്‍ ആദ്യ മരണം. 53കാരനാണ് മരിച്ചത്. പുണെയിലെ ജിബിഎസ് വ്യാപനവുമായി ഈ മരണത്തിനു ബന്ധമുണ്ടോ എന്ന് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ബിഎംസിയിലെ വിഎന്‍ ദേശായി ആശുപത്രിയിലെ ജീവനക്കാരനാണ് മരണപ്പെട്ട വ്യക്തി.

ഇതിനിടെ പുണെയില്‍ ജിബിഎസ് ബാധിച്ച ഒരാള്‍ കൂടി മരിച്ചു. 37 വയസ്സുള്ള ഡ്രൈവറാണ് മരിച്ചത്. മലിനജലത്തിലെ ബാക്ടീരിയ ആണ് രോഗവ്യാപനത്തിനു കാരണമെന്ന് അധികൃതര്‍ അറിയിച്ചു. കാംപിലോബാക്ടര്‍ ജെജുനി എന്ന ബാക്ടീരിയയുടെ അംശമാണ് രോഗത്തിനു കാരണം. മഹാരാഷ്ട്രയില്‍ രോഗം ബാധിച്ച് ഇതിനകം എട്ടു പേരാണു മരിച്ചത്.

ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം പുണെയില്‍ ജില്ലാ അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തനം സജീവമാക്കിയിരുന്നു. രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സംഘം ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. പുണെ മുനിസിപ്പല്‍ കോര്‍പറേഷന്‍ മേഖലയിലും സമീപപ്രദേശത്തും ഉള്ളവരാണ് രോഗബാധിതരില്‍ ഏറെയും.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply