ന്യൂഡല്‍ഹി: ബലാത്സംഗക്കേസിലെ പ്രതി ഗുര്‍മീത് റാം റഹീമിന് 20 ദിവസത്തെ പരോള്‍ അനുവദിച്ചു. സ്വയം പ്രഖ്യാപിത ആള്‍ദൈവമെന്ന നിലയില്‍ കുപ്രസിദ്ധിയാര്‍ജിച്ച ഗുര്‍മീതിനെ കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് അതീവ രഹസ്യമായി ജയിലില്‍ നിന്നും പുറത്തെത്തിച്ചത്. ജയിലില്‍ നിന്നും പുറത്തെത്തിയ ഗുര്‍മീത്, ഹരിയാനയിലെ സിര്‍സയിലുള്ള ദേരാ ആശ്രമത്തിലേക്ക് മാറിയെന്നാണ് റിപ്പോര്‍ട്ട്. ബലാത്സംഗ കേസില്‍ 2017ല്‍ ജയിലിലടക്കപ്പെട്ട ഗുര്‍മീത്, ഇതു 12-ാം തവണയാണ് പരോള്‍ ലഭിച്ച് ജയിലിന് പുറത്തെത്തുന്നത്.
ദേരാ സച്ചാ സൗദ തലവനായിരുന്ന ആള്‍ ദൈവം ഗുര്‍മീത് റാം റഹീം, അനുയായികളായ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിലാണ് 2017ല്‍ 20 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടത്. ഹരിയാനയിലെ റോഹ്തക് ജില്ലയിലെ സുനാരിയ ജയിലിലാണ് ഗുര്‍മീത് കഴിയുന്നത്. 2024 ഒക്ടോബര്‍ 2 നാണ് റാം റഹീമിന് അവസാനമായി 20 ദിവസത്തെ പരോള്‍ അനുവദിച്ചത്. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനും പ്രസംഗങ്ങള്‍ നടത്തുന്നതിനും ഹരിയാനയില്‍ തങ്ങുന്നതിനും പരോള്‍ കാലയളവില്‍ ഗുര്‍മീതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply