
കൊച്ചി: പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തുവിന്റെ സോഷ്യല്‍ ബീ വെന്‍ചേഴ്‌സ് എന്ന സ്ഥാപനത്തിലെ അക്കൗണ്ടുകളിലേക്ക് 548 കോടി രൂപ എത്തിയതായി ക്രൈം ബ്രാഞ്ച്. പണം വന്ന വഴിയും ഉന്നത ബന്ധവും കണ്ടെത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തില്‍ അനന്തുവിനെ 2 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണവുമായി സഹകരിക്കും എന്നായിരുന്നു അനന്തുവിന്റെ പ്രതികരണം.
പാതിവിലക്ക് ഉത്പന്നങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണന്‍ കോടികള്‍ തട്ടിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. 20163 പേരില്‍ നിന്ന് 60000 രൂപ വീതവും, 4035 പേരില്‍ നിന്ന് 56000 രൂപ വീതവും കൈപറ്റി എന്നാണ് ഇതുവരെ ഉള്ള കണക്കുകള്‍. അനന്തുവിന്റെ പേരിലുള്ള 21 ബാങ്ക് അക്കൗണ്ടുകളിലേക്ക് 143. 5 കോടി രൂപ വന്നു. അനന്തുവിന്റെ സോഷ്യല്‍ ബീ വെഞ്ചേഴ്‌സ് എന്ന സ്ഥാപനത്തിന്റെ 11 അക്കൗണ്ടുകളിലേക്ക് 2024 ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെ 548 കോടി രൂപ എത്തി. അനന്തുവിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കോടികളുടെ ഉറവിടം കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. മൂവാറ്റുപുഴ കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് അനന്തു സമാഹരിച്ച കോടികളുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് അക്കമിട്ട് നിരത്തിയത്.
കസ്റ്റഡിയില്‍ വാങ്ങിയ അനന്തുവിനെ കൊച്ചിയിലെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യും. ഇതിനുശേഷം തട്ടിപ്പ് നടന്ന വിവിധ മേഖലകളിലെത്തിച്ച് ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തും. ബുധനാഴ്ച വൈകിട്ട് അനന്തുവിനെ തിരികെ കോടതിയില്‍ ഹാജരാക്കണം. ആദ്യം കേസന്വേഷിച്ച മൂവാറ്റുപുഴ പൊലീസിന്റെ കണ്ടെത്തലുകള്‍ ഉള്‍പ്പെടെ വച്ച് വിശദമായ ചോദ്യംചെയ്യലിനാണ് ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നത്. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.