തിരുവനന്തപുരം: പകുതിവില തട്ടിപ്പ് കേസില്‍ പ്രതിയായ സത്യസായി ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദകുമാര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. തിരുവനന്തപുരം ഒന്നാം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ഹര്‍ജി പരിഗണിക്കും. പദ്ധതിയുടെ മുഴുവന്‍ ഉത്തരവാദിത്തവും ഒന്നാം പ്രതിയായ അനന്തുകൃഷ്ണനാണെന്ന് ജാമ്യാപേക്ഷയില്‍ ആനന്ദകുമാര്‍ പറയുന്നു.

മുഴുവന്‍ സാമ്പത്തിക ഇടപാടുകളും നടത്തിയത് അനന്തുവിന്റെ അക്കൗണ്ടിലൂടെയാണ്. മറ്റ് ഡയറക്ടര്‍മാര്‍ക്കോ സായിഗ്രാമിനോ തട്ടിപ്പിനെക്കുറിച്ച് അറിയില്ല. വന്‍തുക പിരിച്ച സമയത്ത് എന്‍ജിഒ കോണ്‍ഫെഡറേഷനില്‍നിന്ന് രാജിവച്ചു. എന്നാല്‍ രാജിക്കത്ത് ആരും സ്വീകരിക്കാതെ തിരിച്ചുവന്നുവെന്നും ജാമ്യഹര്‍ജിയില്‍ ആനന്ദകുമാര്‍ പറഞ്ഞു. കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ കണ്ണൂര്‍ എസ്പിയെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുളളത്.

കണ്ണൂര്‍ സീഡ് സൊസൈറ്റി സെക്രട്ടറി പള്ളിക്കുന്ന് എടച്ചേരി മാനസം ഹൗസില്‍ എ.മോഹനന്‍ നല്‍കിയ പരാതിയിലാണ് ആനന്ദകുമാര്‍ അടക്കം 7 പേരെ പ്രതികളാക്കി പൊലീസ് കേസ് എടുത്തത്. കണ്ണൂര്‍ സീഡ് സൊസൈറ്റിയിലെ വനിതാ അംഗങ്ങള്‍ക്ക് സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതി നിരക്കില്‍ ഇരുചക്ര വാഹനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2.96 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ആനന്ദകുമാര്‍ കേസിലെ രണ്ടാം പ്രതിയാണ്. അനന്തുവാണ് ഒന്നാം പ്രതി.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply