ആ​ഗോളതലത്തിൽ മരണകാരണമാകുന്ന പ്രധാനപ്പെട്ട രോ​ഗങ്ങളിലൊന്നാണ് ഹൃദ്രോ​ഗം. പക്ഷേ പലപ്പോഴും അപകടസാധ്യതാഘടകങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിലൂടെ ഹൃദ്രോ​ഗങ്ങളെ ഒരുപരിധിവരെ ചെറുക്കാനാവും. ആരോ​ഗ്യകരമായ ശീലങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനാവും. ഹൃദയാഘാതത്തെ ചെറുക്കാനുള്ള അഞ്ച് ലളിതമായ ശീലങ്ങളേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത ഹൃദ്രോ​ഗവിദ​ഗ്ധനായ ഡോ. ജാക്ക് വോൾഫ്സൺ.

ഇൻസ്റ്റ​ഗ്രാമിലൂടെ നിരന്തരം ശാരീരികാരോ​ഗ്യം സംരക്ഷിക്കേണ്ടതിനേക്കുറിച്ച് പങ്കുവെക്കാറുള്ളയാളാണ് ഡോ. ജാക്ക്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീ‍ഡിയോയിലൂടെയാണ് ഹൃദയാഘാതത്തെ പ്രതിരോധിക്കാൻ ശീലമാക്കേണ്ട അഞ്ച് കാര്യങ്ങളേക്കുറിച്ച് ഡോ.ജാക്ക് പങ്കുവെച്ചിരിക്കുന്നത്. അതിൽ ആദ്യത്തേത് പരമാവധി പുറത്തുപോവുക എന്നതാണ്. പുറത്തുപോയി നല്ല വായു, സ്വാഭാവിക വെളിച്ചം തുടങ്ങിയവയുമായി സമ്പർക്കത്തിലാകുന്നതും ശാരീരിക ചലനമുണ്ടാകുന്നതുമൊക്കെ ഹൃദയാരോ​ഗ്യം കാക്കുമെന്നാണ് ഡോ.ജാക്ക് പറയുന്നത്.

മറ്റൊന്ന് നന്നായി ഉറങ്ങുക എന്നതാണ്. സുഖകരമായ ഉറക്കം ഹൃദയാരോ​ഗ്യത്തിൽ പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു. ശരീരത്തിന് ആവശ്യമായ ഉറക്കം ലഭിക്കുമ്പോൾ ഹൃദയത്തിനും വേണ്ടത്ര വിശ്രമം ലഭിക്കുകയും ഹോർമോൺ നില സന്തുലിതമായി കൊണ്ടുപോവുമെന്നും അദ്ദേഹം പറയുന്നു.

സ്ക്രീൻ ടൈം കുറയ്ക്കണം എന്നതാണ് മൂന്നാമത്തേത്. എത്രത്തോളം സ്ക്രീൻ ടൈം കുറയ്ക്കുന്നോ അത്രത്തോളം സമാധാനം അനുഭവിക്കാനാവും. ഇത് ഉറക്കത്തെ മെച്ചപ്പെടുത്തുകയും സമ്മർദം കുറയ്ക്കുകയും അതുവഴി ഹൃദയാരോ​ഗ്യം കാക്കാനാവുമെന്നും ഡോ.ജാക്ക് വ്യക്തമാക്കുന്നു.

നാലാമത്തേത് ന​ഗ്നപാദരായി പുറത്തുനിൽക്കുക എന്നതാണ്. ഇതിലൂടെ ശരീരത്തെ വീക്കം കുറയ്ക്കാനാവുകയും രക്തചംക്രമണം വർധിപ്പിക്കാനാവുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. അവസാനമായി ഡോ.ജാക്ക് കൂട്ടിച്ചേർക്കുന്നത് കൃതജ്ഞതയുള്ളവരായിരിക്കുക എന്നതാണ്. ഇതിലൂടെ സമ്മർദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനുമാവെന്നും കോർട്ടിസോൾ നില കുറയ്ക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകള്‍ എന്തൊക്കെയാണ്?

ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്നങ്ങള്‍ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തില്‍ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളില്‍ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാന്‍ പത്തോ ഇരുപതോ ചിലപ്പോള്‍ അതിലധികമോ വര്‍ഷങ്ങള്‍ തന്നെ എടുത്തേക്കാം. ചിലപ്പോള്‍ 20 അല്ലെങ്കില്‍ 25 വയസ്സില്‍ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികള്‍ ശരീരത്തില്‍ കണ്ടു തുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല.

പ്രാഥമിക പരിശോധനയില്‍ നിന്ന് ഹൃദ്രോഗ സാധ്യതകള്‍ തിരിച്ചറിയാന്‍ പോലും യഥാര്‍ഥത്തില്‍ കഴിയുകയില്ല. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കാതെ വരാറുണ്ട്. വളരെ ക്ലാസിക്കല്‍ ആയ ഹൃദ്രോഗ ലക്ഷണങ്ങള്‍ (Typical Symptoms) ആരംഭിക്കുമ്പോള്‍ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോള്‍ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോള്‍ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു.

എന്നാല്‍, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകള്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയില്‍ ഉണ്ടാകുന്ന കടച്ചില്‍, അമിതമായ വിയര്‍പ്പ്, കഴുത്ത് പിടിച്ച് മുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന കണ്ണില്‍ ഇരുട്ട് അടയ്ക്കല്‍ അല്ലെങ്കില്‍ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികള്‍ ചെയ്യുമ്പോള്‍ നെഞ്ചില്‍ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോള്‍ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവര്‍ തീര്‍ച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചില്‍ പ്രശ്നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply