കൊച്ചി: തിരഞ്ഞെടുക്കപ്പെട്ട ശേഷം രാഷ്ട്രീയ ആഭിമുഖ്യം മാറ്റുന്ന ജനപ്രതിനിധികള്‍ രാജിവച്ചു ജനവിധി തേടുന്നതാണു ജനാധിപത്യ മര്യാദയെന്ന് ഹൈക്കോടതി. മറിച്ചുള്ള നടപടി, ജനങ്ങളുമായുള്ള ഉടമ്പടിയില്‍ നിന്നുള്ള ഏകപക്ഷീയ പിന്മാറ്റമാണ്, ജനങ്ങളെ അപഹസിക്കുന്നതിനു തുല്യമാണത്. അത്തരക്കാര്‍ക്കുള്ള മറുപടി ജനം ബാലറ്റിലൂടെയാണു നല്‍കേണ്ടതെന്നും അല്ലാതെ കായികമായി നേരിടുന്നതു ശരിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പ്രതികളായ യുഡിഎഫ് നേതാക്കള്‍ക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. എല്‍ഡിഎഫ് കൗണ്‍സിലര്‍ കല രാജു കൂറുമാറുമെന്നു സംശയിച്ച് സ്വന്തം പാര്‍ട്ടിക്കാര്‍ തടഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം.
ജനാധിപത്യ മൂല്യങ്ങളെ പിന്തുണയ്ക്കുന്ന നടപടിയാണു ജനങ്ങളില്‍ നിന്നു വേണ്ടതെന്നും അതിനു വിരുദ്ധമായി പെരുമാറുന്നവര്‍ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ പുറത്തേക്കുള്ള വഴി കാട്ടുകയാണു വേണ്ടതെന്നും കോടതി പറഞ്ഞു. ജനങ്ങളുടെ ഇച്ഛയും അവരുടെ രാഷ്ട്രീയ ആഭിമുഖ്യവുമാണു ജനപ്രതിനിധികള്‍ പ്രതിഫലിപ്പിക്കുന്നത്. ഇതു ലംഘിക്കുന്നവര്‍ക്കുള്ള മറുപടി അടുത്ത തിരഞ്ഞെടുപ്പില്‍ അവരെ പിന്തുണച്ചോ പുറന്തള്ളിയോ ജനങ്ങള്‍ക്കു പ്രകടിപ്പിക്കാം. ജനാധിപത്യത്തിന്റെ സൗന്ദര്യം അതാണെന്നു പറഞ്ഞ കോടതി, ‘ജനാധിപത്യം എന്നതു ജനങ്ങളാല്‍ ജനങ്ങള്‍ക്കു വേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ സര്‍ക്കാരാണ്’ എന്ന് ഏബ്രഹാം ലിങ്കണ്‍ പറഞ്ഞിട്ടുള്ളതും ഉദ്ധരിച്ചു.
കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്ന ദിവസം, എല്‍ഡിഎഫ് അംഗമായ കല രാജുവിനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തന്നെ തട്ടിക്കൊണ്ടു പോയിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുഡിഎഫ് അംഗങ്ങള്‍ നഗരസഭാ ചെയര്‍പഴ്‌സന്‍ അടക്കമുള്ളവരെ ആക്രമിച്ചു എന്നാണു കേസ്.
എല്‍ഡിഎഫ് പിന്തുണയില്‍ ജയിച്ച അംഗം ജനാധിപത്യ മൂല്യങ്ങള്‍ വിസ്മരിച്ചു മറുപക്ഷം ചേരുന്നതില്‍ പ്രവര്‍ത്തകര്‍ക്കുള്ള അമ്പരപ്പ് സംഘര്‍ഷത്തിനു കാരണമായിരിക്കാമെന്നു കോടതി പറഞ്ഞു.
രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ്, യുഡിഎഫ് അംഗങ്ങളായ കെ.ആര്‍. ജയകുമാര്‍, പി.സി. ജോസ്, പ്രിന്‍സ് പോള്‍ ജോണ്‍, റെജി ജോണ്‍, ബോബന്‍ വര്‍ഗീസ് എന്നിവര്‍ക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply