
കോഴിക്കോട്: മലയോര ഹൈവേയില്‍ കോഴിക്കോട് ജില്ലയിലെ ആദ്യ റീച്ച് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. കോടഞ്ചേരി മുതല്‍ കക്കാടംപൊയില്‍ വരെയുള്ള 34.3 കിലോമീറ്ററാണു ഫെബ്രുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടരഞ്ഞിയില്‍ നടക്കുന്ന ചടങ്ങില്‍ നാടിന് സമര്‍പ്പിക്കുന്നത്.2020 ഓഗസ്റ്റ് 11ന് ആണു റോഡ് നിര്‍മാണം അന്നത്തെ മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്തത്. 24 മാസം ആയിരുന്നു നിര്‍മാണ കാലാവധി. കോവിഡും ചില മേഖലകളില്‍ സ്ഥലം വിട്ടുകിട്ടാനുള്ള കാലതാമസവും കാരണം നിര്‍മാണം രണ്ടരവര്‍ഷം വൈകി.155 കോടി രൂപയ്ക്ക് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ആണ് റോഡ് നിര്‍മാണ കരാര്‍ ഏറ്റെടുത്തത്.
റോഡിന് ഇരുവശത്തും സൗജന്യമായാണു ജനങ്ങള്‍ നവീകരണത്തിനു സ്ഥലം വിട്ടുകൊടുത്തത്. 12 മീറ്റര്‍ വീതിയുള്ള റോഡില്‍ ബിഎം ബിസി നിലവാരത്തിലുള്ള ടാറിങ് ആണ്. ഇരുവശങ്ങളിലും പൂട്ടുകട്ട വിരിച്ചു റോഡിന്റെ വശങ്ങളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചു. ഇരു വശങ്ങളിലും ഓട, ഭൂഗര്‍ഭ കേബിളുകളും പൈപ്പുകളും കടന്നു പോകാനുള്ള കോണ്‍ക്രീറ്റ് ചാലുകള്‍, കാര്യേജ് വേ, പ്രധാന കവലകളില്‍ പൂട്ടുകട്ട പാകിയ നടപ്പാതകള്‍, സൗരോര്‍ജ വിളക്കുകള്‍, ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവയുണ്ട്. മലയോര ഹൈവേ ഹൈ ടെക് ആയെങ്കിലും ഇതിലെ 4.44 കിലോമീറ്റര്‍ ദൂരം ഇപ്പോഴും പഴയ റോഡാണ് ഉപയോഗിക്കുന്നത്.
മേലേ കൂമ്പാറ- ആനക്കല്ലുംപാറ- താഴെ കക്കാട് ഭാഗത്ത് ഇപ്പോഴും നിര്‍മാണം തുടങ്ങിയിട്ടില്ല. ഇതിനു പകരം നേരത്തെയുള്ള പീടികപ്പാറ- താഴെ കക്കാട് റോഡ് ആണ് ഉപയോഗിക്കുന്നത്. ഇത്രയും ദൂരം റീ ടാറിങ് നടത്തി എന്നതല്ലാതെ മലയോര ഹൈവേയുടെ നിലവാരം ഈ ഭാഗത്തില്ല. അലൈന്‍മെന്റിലെ വ്യത്യാസമാണ് ഇവിടെ മലയോര ഹൈവേ മുറിഞ്ഞു പോകാന്‍ കാരണം. ആനക്കല്ലുംപാറ ജംക്ഷനില്‍ നിന്ന് അകമ്പുഴ – താഴെ കക്കാട് എത്തുന്ന വിധത്തില്‍ റോഡിന്റെ അലൈന്‍മെന്റ് പിന്നീട് മാറ്റുകയായിരുന്നു. അകമ്പുഴ വഴിയുള്ള 7. 22കിലോമീറ്റര്‍ ഗ്രാമീണ റോഡ് നിര്‍മാണത്തിന് 26.25 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും നടപടി ക്രമങ്ങള്‍ തുടരുകയാണ്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.