
മലപ്പുറം: മയക്ക് മരുന്ന് കുത്തിവച്ചതിലൂടെ പത്ത് പേര്‍ക്ക് എച്ച്‌ഐവി പടര്‍ന്ന മലപ്പുറം വളാഞ്ചേരിയില്‍ ആരോഗ്യ വകുപ്പ് രക്തപരിശോധന നടത്തും. ആദ്യഘട്ടത്തില്‍ അതിഥി തൊഴിലാളികളുടെ രക്തമാണ് പരിശോധിക്കുക. എച്ച്‌ഐവി സ്ഥിരീകരിച്ച പത്ത് പേരില്‍ ഒരാള്‍ മാത്രമാണ് വളാഞ്ചേരി സ്വദേശിയെന്നും ബാക്കിയുള്ളവര്‍ പല സ്ഥലങ്ങളില്‍ നിന്ന് ലഹരി ഉപയോഗത്തിന് വളാഞ്ചേരിയില്‍ എത്തിയവരാണെന്നും നഗരസഭ ചെയമാന്‍ പറഞ്ഞു. ലഹരിക്കെതിരെയുള്ള ബോധവത്ക്കരണവും ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗിലാണ് വളാഞ്ചേരിയില്‍ പത്ത് പേര്‍ക്ക് എച്ച്‌ഐവി ബാധ കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. സ്‌ക്രീനിംഗിന്റെ ഭാഗമായ ഒരാള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചതോടെയാണ്, ഇയാള്‍ ഉള്‍പ്പെടുന്ന ലഹരി സംഘത്തിലേക്ക് അന്വേഷണം നീണ്ടത്. പിന്നാലെ ഇവരില്‍ നടത്തിയ പരിശോധനയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് കൂടി എച്ച്‌ഐവി സ്ഥിരീകരിക്കുകയായിരുന്നു. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് പിന്നിലെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. എച്ച്‌ഐവി രോഗബാധിതരായ പത്ത് പേരും പ്രത്യേക നിരീക്ഷണത്തിലാണ്. ജില്ലയില്‍ മറ്റ് ഭാഗങ്ങളില്‍ ഇത്തരത്തില്‍ രോഗ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.