സഞ്ചാരികളുടെ മോഷണംകൊണ്ട് പൊറുതിമുട്ടുകയാണ് ഒരു യൂറോപ്യന്‍ നഗരം. യാത്ര പോകുന്നിടത്തെ ഓര്‍മ്മക്കായി സൊവനീറുകളും വസ്ത്രങ്ങളും മറ്റ് സാധനങ്ങളും സഞ്ചാരികള്‍ കൂടെക്കൂട്ടുന്നത് സാധാരണമാണ്. എന്നാല്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നത് നഗരത്തിലെ കല്ലുകളാണെങ്കിലോ!!

നാടോടിക്കഥകളില്‍ കേട്ടിട്ടുള്ള വിസമയ നഗരങ്ങള്‍ക്ക് സമാനമെന്ന് അറിയപ്പെടുന്ന ബെല്‍ജിയത്തിലെ കനാല്‍ നഗരമായ ബ്രൂഷാണ് സഞ്ചാരികളെ കൊണ്ട് പൊറുതി മുട്ടുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പദവി ലഭിച്ച നഗരത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തെരുവ് നിരത്തുകളില്‍ പാകിയ കോബിള്‍സ്‌റ്റോണ്‍ എന്നറിയപ്പെടുന്ന കല്ലുകളാണ് സഞ്ചാരികള്‍ മോഷ്ടിക്കുന്നത്.

നഗരത്തില്‍ തിരക്കേറുന്ന സീസണാകുമ്പോള്‍ ഓരോ മാസവും 50 മുതല്‍ 70 കല്ലുകള്‍ വരെ മോഷണം പോവുന്നുണ്ടെന്നാണ് പ്രദേശത്തെ രാഷ്ട്രീയ പ്രതിനിധികള്‍ പറയുന്നത്. ഓരോ കല്ലും പുനസ്ഥാപിക്കുന്നതിന് ഏകദേശം പതിനേഴായിരം രൂപയാണ് (200 ഡോളര്‍) ചെലവ്.

കോബിള്‍സ്‌റ്റോണ്‍ പോകുമ്പോഴുണ്ടാകുന്ന നഷ്ടത്തിനു പുറമേ പ്രദേശവാസികളുടെ സുരക്ഷയിലും മോഷണം വെല്ലുവിളിയാകുന്നുണ്ട്. നിരത്തുകളിലെ കല്ലുകള്‍ മായുമ്പോള്‍ യാത്രക്കാര്‍ വീഴാനുള്ള സാധ്യതയും ഏറെയാണ്. മോഷ്ടിച്ച കല്ലിന്റെ സ്ഥാനത്ത് പൂച്ചെടി വെച്ച കള്ളനുമുണ്ട്. ബ്രൂഷ് നഗരത്തിന്റെ പൈതൃകത്തെ ചോദ്യം ചെയ്യുന്നതാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ എന്നാണ് പ്രദേശവാസികളുടെ പരാതി.

ബെല്‍ജിയത്തിന്റെ വടക്ക്, ഫ്‌ളെമിഷ് പ്രദേശത്ത്, പടിഞ്ഞാറന്‍ ഫ്ലാന്‍ഡേഴ്സ് പ്രവിശ്യയുടെ തലസ്ഥാനമാണ് സഞ്ചാരികളുടെ ഈ പ്രിയപ്പെട്ട നഗരം. എല്ലാ വര്‍ഷവും എണ്‍പത് ലക്ഷത്തോളം സഞ്ചാരികളാണ് ബ്രൂഷിലെത്താറുള്ളത്.

ബ്രൂഷ്

യുനെസ്‌കോ ‘ലോകപൈതൃക’ പട്ടികയില്‍ ഇടംപിടിച്ച പുരാതന നഗരം. സമുദ്രത്തിന്റെ സാമീപ്യവും നഗരത്തിലെ ജലപാതാ ശൃംഖലയും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ബ്രൂഷിനെ ഒരു വ്യാപാര കേന്ദ്രമാക്കി. ഇവിടെ ലെയ്സ്, വസ്ത്ര വ്യാപാരങ്ങള്‍ തഴച്ചു വളര്‍ന്നു. 1309-ല്‍ പ്രവര്‍ത്തനം ആരംഭിച്ച The Bourse ആയിരിക്കാം ലോകത്തിലെ ആദ്യ സ്റ്റോക്ക് എക്സ്ചേഞ്ച്. പിന്നീട് നഗരത്തിലെ തോടുകളില്‍ ചളിയടിഞ്ഞു കൂടി. ബ്രൂഷിന്റെ പ്രാധാന്യം സാവധാനം നഷ്ടമായി. 19-ാം നൂറ്റാണ്ടില്‍ സമ്പന്നരായ ബ്രിട്ടീഷ്-ഫ്രഞ്ച് വിനോദ സഞ്ചാരികളുടെ വരവോടെയായിരുന്നു ബ്രൂഷിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്.

ബ്രൂഷിന്റെ പ്രധാന ആകര്‍ഷണം ഫ്ളെമിഷ് സംസ്‌കാരവും പൗരാണികതയുമാണ്. ഗോഥിക് ശില്പചാരുതയാര്‍ന്ന വസതികളും പള്ളികളും പ്രമുഖ കലാകാരന്മാരുടെ പെയിന്റിങ്ങുകളുടെയും ശില്പങ്ങളുടെയും പ്രദര്‍ശന ശാലകളും നൂറ്റാണ്ടുകളുടെ കഥപറയുന്ന ചരിത്ര സ്മാരകങ്ങളും ഒരു ദിവസംകൊണ്ട് കണ്ടുതീര്‍ക്കാന്‍ ആവാത്ത വിധം വിശാലമാണ് ബ്രൂഷ്. കൗണ്ടസ് ഓഫ് ഫ്‌ലാന്‍ഡേഴ്സ്, സിന്റ് ജാന്‍സ് ഹാസ്പിറ്റാള്‍ (സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍), ചര്‍ച്ച് ഓഫ് ഔവ്വര്‍ ലേഡി, ബെല്‍ഫ്രി ഓഫ് ബ്രൂഷ്/ബെല്‍ഫോര്‍ട്ട് തുടങ്ങിയവയാണ് സഞ്ചാരികള്‍ നിറുയുന്ന ബ്രൂഷിലെ ഇടങ്ങള്‍. നഗരത്തിലെ സെന്റ് സാല്‍വറ്റോര്‍സ് കത്തീഡ്രലും ബ്രുഷ് സ്‌ക്വയറും സിറ്റി ഹാളുമെല്ലാം അതിമനോഹരമായ കാഴചകളാണ്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply