കൊച്ചി: നേരത്തേ പ്രഖ്യാപിച്ച സിനിമാ സമരത്തില്‍നിന്നും പിന്നോട്ടില്ലെന്നും ചലച്ചിത്രനിര്‍മാണം നിര്‍ത്തിവെക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചാല്‍ നിര്‍ത്തിയിരിക്കുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജി.സുരേഷ്‌കുമാര്‍. കൊച്ചിയില്‍ സംഘടനയുടെ എക്സിക്യൂട്ടീവ് മീറ്റിങ്ങിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം അനാവശ്യമാണെന്ന താരസംഘടന ‘അമ്മ’യുടെ നിലപാടിനു പിന്നാലെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം.
‘അധിക നികുതിഭാരം കുറയ്ക്കണമെന്ന ആവശ്യമുള്‍പ്പെടെ ഉന്നയിച്ച് സര്‍ക്കാരിനെതിരെയാണ് സമരം നടത്തുന്നത്. താരങ്ങള്‍ക്ക് എതിരായല്ല. സിനിമ നിര്‍മിക്കുന്ന താരങ്ങള്‍ വിരലിലെണ്ണാവുന്നവരേ ഉള്ളൂ. നിര്‍മാതാക്കള്‍ സിനിമ നിര്‍ത്തണമെന്ന് തീരുമാനിച്ചാല്‍ നിര്‍ത്തിയിരിക്കും. ഒരു താരവും അവിഭാജ്യ ഘടകമല്ല.’- സുരേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
തനിയ്ക്കെതിരായ പോസ്റ്റ് പിന്‍വലിക്കാതെ ആന്റണി പെരുമ്പാവൂരുമായി ചര്‍ച്ചയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘എനിയ്ക്കെതിരേ പോസ്റ്റിട്ടയാളോട് സംസാരിക്കേണ്ട ആവശ്യമില്ല. സമരം പ്രഖ്യാപിക്കാന്‍ ഞാന്‍ ആരാണെന്നാണ് ആന്റണി ചോദിച്ചത്. പ്രസിഡന്റിന്റെ അഭാവത്തിലാണ് ഞാന്‍ യോഗത്തിന് അധ്യക്ഷം വഹിക്കുന്നത്.
സംഘടനാ തീരുമാനമാണ് ഞാന്‍ പറഞ്ഞത്. സംഘടനയാണ് എന്നെ അതിന് ചുമതലപ്പെടുത്തിയത്. അത് മനസിലാക്കാതെയാണ് ആന്റണി പോസ്റ്റിട്ടത്. ഒരു കാര്യം ചെയ്യുമ്പോള്‍ അത് അന്വേഷിച്ചിട്ടുവേണം അതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തേണ്ടത്. മോഹന്‍ലാലിനെ ആരെങ്കിലും പോയി എന്തെങ്കിലും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാണ്. അല്ലാതെ മോഹന്‍ലാലും ഞാനുമായിട്ട് ഒരു പ്രശ്നവുമില്ല. അതിനാല്‍ മോഹന്‍ലാല്‍ അങ്ങനെ ചെയ്തു എന്ന് പറഞ്ഞാല്‍ എനിക്ക് അത് ഒരു വിഷയമേ അല്ല.’ -സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സുരേഷ് കുമാറിനെതിരായ പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഫിലിം ചേമ്പര്‍ ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ സംയുക്തയോഗത്തിലാണ് ജൂണ്‍ ഒന്നു മുതല്‍ സിനിമാ സമരം തുടങ്ങാന്‍ തീരുമാനിച്ചതെന്നും ഫിലിം ചേംബര്‍ അറിയിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply