ദില്ലി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സ്പീക്കര്‍ ശകാരിച്ച സംഭവത്തില്‍ ബിജെപി വീഡിയോ പ്രചരിപ്പിച്ചതില്‍ കോണ്‍ഗ്രസിന് കടുത്ത അതൃപ്തി. സ്പീക്കറോട് ഇക്കാര്യം ഉന്നയിക്കും. എംപിമാര്‍ക്ക് ഒരു വിശദീകരണവും നല്‍കാന്‍ ഓം ബിര്‍ലക്ക് കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസിലെ രണ്ട് എംപിമാര്‍ മാത്രം വന്നാല്‍ കാര്യം വിശദീകരിക്കാം എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
രാഹുല്‍ പ്രിയങ്കയോട് വാത്സല്യം പ്രകടിപ്പിക്കുന്ന വീഡിയോ ആണ് ബിജെപി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എന്നാല്‍ ഈ ദൃശ്യമാണ് ശകാരത്തിന് കാരണമെന്ന് ഓം ബിര്‍ല പറഞ്ഞിട്ടില്ല. 10 ദിവസം മുമ്പുള്ള വീഡിയോ ആണ് ബിജെപി പ്രചരിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
സഭയില്‍ മര്യാദ കാട്ടുന്നില്ലെന്ന കടന്നാക്രമണത്തിലൂടെ രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി കടന്നാക്രമിച്ചിരിക്കുകയാണ് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല . കുടുംബാംഗങ്ങള്‍ ലോക്‌സഭയില്‍ നേരത്തെയും ഒന്നിച്ച് അംഗങ്ങളായിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് സഭയുടെ അന്തസ് കാത്ത് സൂക്ഷിക്കണമെന്നും ഓം ബിര്‍ല ആവശ്യപ്പെട്ടു. സ്പീക്കര്‍ അടിസ്ഥാനരഹിതമായി സംസാരിച്ചെന്നും തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ശൂന്യവേളക്ക് പിന്നാലെയാണ് ചെയറിലുണ്ടായിരുന്ന സന്ധ്യറായ്യെ മാറ്റി നാടകീയമായി സ്പീക്കര്‍ ഓംബിര്‍ല കടന്നു വന്നത്. രാവിലെ സഭയിലില്ലാതിരുന്ന രാഹുല്‍ എത്തിയതിന് പിന്നാലെയായിരുന്നു സ്പീക്കറുടെ വരവ്. പല അംഗങ്ങളും സഭയില്‍ മര്യാദ ലംഘിക്കുന്നത് തന്റെ ശ്രദ്ധയില്‍ പെടുന്നുവെന്ന് പറഞ്ഞാണ് ഓംബിര്‍ല രാഹുല്‍ ഗാന്ധിക്കെതിരെ തിരിഞ്ഞത്.
പ്രതിപക്ഷ നേതാവ് സഭാ മര്യാദ കാട്ടണം. അച്ഛനും അമ്മയും സഹോദരങ്ങളും ഇവിടെ നേരത്തെയും ഒന്നിച്ച് അംഗങ്ങളായിട്ടുണ്ട്. ഒപ്പമുള്ള പ്രതിപക്ഷ അംഗങ്ങളെയും രാഹുല്‍ നിലയ്ക്ക് നിര്‍ത്തണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. പ്രകോപന കാരണം വ്യക്തമാക്കാതെ ഇത്രയും പറഞ്ഞ് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. രാഹുല്‍ സംസാരിക്കാനെഴുന്നേറ്റെങ്കിലും അനുവദിച്ചില്ല. കാരണം പിടികിട്ടുന്നില്ലെന്നും ഒരാഴ്ചയിലേറെയായി തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. കെ സി വേണുഗോപാല്‍ എംപിയുടെ നേതൃത്വത്തില്‍ 70 കോണ്‍ഗ്രസ് എംപിമാര്‍ സ്പീക്കറെ കണ്ട് പ്രതിഷേധം അറിയിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply