
ദില്ലി: പാകിസ്ഥാനെതിരെ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണ്യ നിധിയെയും സമീപിക്കാൻ ഇന്ത്യ. പാകിസ്ഥാനുള്ള ധനസഹായം നിർത്തണം എന്ന് ആവശ്യപ്പെടും. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്, എഫ്എടിഎഫിനോട് പാകിസ്ഥാനെ വീണ്ടും ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താനും ആവശ്യപ്പെടും. അതേസമയം കരയിൽ നിന്ന് കരയിലേക്ക് തൊടുക്കുന്ന ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷണത്തിന് പാകിസ്ഥാൻ തയ്യാറെടുക്കുന്നതായി ഇന്ത്യക്ക് സൂചന ലഭിച്ചു. പരീക്ഷണം അടുത്തയാഴ്ച നടക്കുമെന്നാണ് വിവരം ലഭിച്ചത്. പരീക്ഷണം പ്രകോപനമായി കാണുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
അതിനിടെ ഇന്ത്യൻ വ്യോമസേന അതിർത്തി ലംഘിച്ചു എന്ന പാകിസ്ഥാൻ മാധ്യമങ്ങളുടെ ആരോപണം കേന്ദ്ര സർക്കാർ വൃത്തങ്ങൾ തള്ളി. ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ അതിർത്തി ലംഘിച്ചെന്നും പാക് വ്യോമസേന നേരിടാൻ തുടങ്ങിയപ്പോൾ മടങ്ങിയെന്നുമാണ് പാക് മാധ്യമങ്ങളിലെ പ്രചാരണം. ഭയം കൊണ്ട് പാകിസ്ഥാൻ കള്ളപ്രചാരണം നടത്തുന്നു എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. തിരിച്ചടിക്ക് ഇന്ത്യൻ സേനകൾക്ക് പ്രധാനമന്ത്രി പൂർണ്ണ അവകാശം നൽകിയ സാഹചര്യത്തിൽ പാകിസ്ഥാൻ അതിർത്തിയിലേക്ക് കൂടുതൽ സൈനികരെയും ഉപകരണങ്ങളും എത്തിച്ചിരുന്നു. പാക് കരസേന മേധാവി അസിം മുനീർ കഴിഞ്ഞ ദിവസം പാക് അധീന കശ്മീരിൽ എത്തിയിരുന്നു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിലെ പ്രതികൾക്കായി പതിനൊന്നാം ദിവസവും തെരച്ചിൽ തുടരുകയാണ്. അനന്ത്നാഗ് മേഖല കേന്ദ്രീകരിച്ചാണ് തെരച്ചിൽ. ഭീകരരുടെ ആയുധങ്ങൾ വനമേഖലയിൽ ഉപേക്ഷിച്ചോ എന്നതിലും അന്വേഷണം നടക്കുകയാണ്. അതിർത്തിയിൽ കൂടുതൽ സായുധ സേനയെ വിന്യസിക്കുന്ന നടപടിയും തുടരുന്നുണ്ട്. ശ്രീനഗറിൽ അടക്കം കനത്ത ജാഗ്രത തുടരുകയാണ്. ടൂറിസം കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ സഞ്ചാരികളുടെ വരവിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.