ന്യൂഡല്‍ഹി: പഹൽഗാമിനുശേഷം കൂടുതല്‍ ഭീകരാക്രമണങ്ങളുണ്ടാകുമെന്ന രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾക്കെതിരേ ഇന്ത്യ ബുധനാഴ്ച പുലര്‍ച്ചെ ആക്രമണം നടത്തിയതെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി എന്നിര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

‘ഇന്ത്യയ്ക്കെതിരായി കൂടുതല്‍ ആക്രമണങ്ങള്‍ വരാനിരിക്കുന്നതായി ഞങ്ങളുടെ ഇന്റലിജന്‍സ് വൃത്തങ്ങൾ സൂചനകള്‍ നല്‍കി. അത് തടയാന്‍ ഇന്ത്യയെ നിര്‍ബന്ധിതരാക്കി. ഇന്ന് രാവിലെ, അതിര്‍ത്തി കടന്നുള്ള ഭീകരതയെ തടയാനുള്ള അവകാശം ഇന്ത്യ ഉപയോഗിച്ചു. ഞങ്ങളുടെ നടപടികള്‍ കിറുകൃത്യവും വ്യാപനം കുറഞ്ഞതും ഉത്തരവാദിത്തത്തോട് കൂടിയതുമായിരുന്നു. തീവ്രവാദികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്നതിലാണ് ഇന്ത്യന്‍ സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചത്-വിക്രം മിസ്രി പറഞ്ഞു.

പഹല്‍ഗാം ആക്രമണത്തിന്റെ കുറ്റവാളികളെയും ആസൂത്രകരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് കണക്കുകൂട്ടിയിരുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും തീവ്രവാദികള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയ പാകിസ്താന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. അതിന്റെ പശ്ചാത്തലത്തിലാണ്‌ ഇന്ത്യയ്ക്ക് തിരിച്ചടിക്കേണ്ടി വന്നതെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

പഹല്‍ഗാമിലെ ആക്രമണം അങ്ങേയറ്റം ക്രൂരമായിരുന്നു, ഇരകളില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടത് വളരെ അടുത്തുനിന്നും കുടുംബത്തിന്റെ മുന്നില്‍ വെച്ചുമാണ്. കൊലപാതകരീതി കുടുംബാംഗങ്ങളെ മാനസികമായി വേദനിപ്പിച്ചു. പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത റെസിസ്റ്റന്‍സ് ഫ്രണ്ട് എന്നൊരു ഗൂപ്പിന് ലഷ്‌കര്‍-ഇ തൊയ്ബയുമായി ബന്ധമുണ്ട്. ഈ ആക്രമണത്തില്‍ പാകിസ്താന്‍ ബന്ധങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അഭിവൃദ്ധി പ്രാപിച്ചുവരുന്ന ജമ്മു കശ്മീരിലെ ടൂറിസം മേഖല തകർക്കുകയായിരുന്നു, ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം-വിക്രം മിസ്രി പറഞ്ഞു.

ഏപ്രില്‍ 25-ന് യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ മാധ്യമക്കുറിപ്പില്‍ നിന്ന് ടിആര്‍എഫിനെക്കുറിച്ചുള്ള പരാമര്‍ശം നീക്കം ചെയ്യാനുള്ള പാകിസ്താന്റെ സമ്മര്‍ദ്ദം പഹല്‍ഗാം ഭീകരാക്രമണത്തില്‍ തീവ്രവാദികളുമായുള്ള അവരുടെ ബന്ധം തുറന്നുകാട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply