
ന്യൂഡല്‍ഹി: പാക് ആക്രമണ സാധ്യത കണക്കിലെടുത്ത് വിവിധ നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഏത് വിധത്തിലുള്ള പാക് പ്രകോപനങ്ങളേയും നേരിടാന്‍ സജ്ജമാകുന്നതിന്റെ ഭാഗമായാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്. സൈറണുകള്‍ മുഴക്കിയും മുന്നറിയിപ്പ് സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചും സുരക്ഷാസേന ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വിവിധ നഗരങ്ങളില്‍ സൈറണ്‍ സ്ഥാപിക്കുകയും സുരക്ഷാ ക്രമീകരണങ്ങളൊരുക്കി, ഇത് പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രതയാണ് നിലനില്‍ക്കുന്നത്. നിലവിലെ സാഹചര്യമനുസരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അവധികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. എല്ലാവരും തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നാണ് നിര്‍ദേശം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ അവധി ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിപ്പില്‍ പറയുന്നു. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ഇത് ബാധകമാണ്. ഡല്‍ഹിയിലെ 55 ഇടങ്ങളിലാണ് ബുധനാഴ്ച മോക്ഡ്രില്‍ നടത്തിയത്. സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
പട്യാല, ഛണ്ഡീഗഢ്, അമ്പാല തുടങ്ങിയിടങ്ങളില്‍ വെള്ളിയാഴ്ച രാവിലെ സൈറണ്‍ മുഴങ്ങിയിരുന്നു. പാക് പ്രകോപനം തുടരുന്നതിനിടെയാണ് ഇവിടങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയത്. രാജസ്ഥാന്‍, പശ്ചിമബംഗാള്‍, ഉത്തരാഖണ്ഡ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് 2010-ല്‍ വിജ്ഞാപനം ചെയ്ത 244 സിവില്‍ ഡിഫന്‍സ് ജില്ലകള്‍ക്ക് പ്രത്യേക ശ്രദ്ധനല്‍കിക്കൊണ്ടാണ് സുരക്ഷാമുന്നൊരുക്കങ്ങള്‍ നടത്തുന്നത്. ഇവയില്‍ നൂറോളം തന്ത്രപ്രധാന നഗരങ്ങളും ഉള്‍പ്പെടുന്നു.
പാക് ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളില്‍ വ്യാഴാഴ്ച രാത്രി പൂര്‍ണ ബ്ലാക്കൗട്ട് പ്രഖ്യാപിച്ചിരുന്നു. ജനങ്ങളോട് പുറത്തിറങ്ങരുതെന്നും സുരക്ഷിതരായിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പോലീസ് സൈറണ്‍ മുഴക്കുകയും ചെയ്തിരുന്നു. അമൃത്സര്‍, ഫിറോസ്പൂര്‍, തരണ്‍ തരണ്‍, ഗുരുദാസ്പൂര്‍, ജലന്ധര്‍, കപൂര്‍ത്തല, ഹോഷിയാര്‍പൂര്‍, മൊഹാലി, ഫരീദ്‌കോട്ട്, പത്താന്‍കോട്ട്, ഗുര്‍ദാസ്പുര്‍ തുടങ്ങിയിടങ്ങളിലും ബ്ലാക്കൗട്ട് പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ, സൈനിക മേധാവിമാരുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയിലെ സ്ഥിതിഗതികളും വിമാനത്താവളങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍, സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍, ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.