
ദില്ലി: ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ നിർണായക നീക്കവുമായി രാഷ്ടപതി. നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. തീരുമാനം ചോദ്യം ചെയ്ത് രാഷ്ട്രപതി, പ്രസിഡൻഷ്യൽ റഫറൻസിനുള്ള സവിശേഷ അധികാരം ഉപയോഗിച്ച് പതിനാല് ചോദ്യങ്ങൾ ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചു. ഭരണഘടനയിൽ ഇല്ലാത്ത സമയപരിധി കോടതിക്ക് നിർവചിക്കാനാകുമോ എന്നും രാഷ്ട്രപതി ചോദിക്കുന്നു.
സമയപരിധി നിശ്ചയിച്ച വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളിൽ വ്യക്തത തേടിയാണ് രാഷ്‌ട്രപതി ദ്രൗപദി മുർമു സുപ്രീം കോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 200, 201 വകുപ്പുകൾ പ്രകാരം നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയപരിധി ഇല്ലെന്ന് സുപ്രീം കോടതിക്ക് കൈമാറിയ റെഫറൻസിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങൾ കണക്കിലെടുത്തതാണ് രാഷ്ട്രപതിയും ഗവർണർമാരും വിവേചന അധികാരം ഉപയോഗിക്കുന്നതെന്നും രാഷ്‌ട്രപതി റെഫറൻസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.