
ന്യൂയോർക്ക്: വിസ റദ്ദാക്കപ്പെട്ട ഇന്ത്യൻ ബിരുദ വിദ്യാർഥി കൃഷ് ലാൽ ഇസെർദസാനിയെ നാടുകടത്താനുള്ള ട്രംപ് സർക്കാരിന്റെ നടപടി ഫെഡറൽ ജഡ്ജി വില്യം കോൺലി താത്കാലികമായി തടഞ്ഞു. 2021 മുതൽ എഫ്-1 വിദ്യാർഥി വിസയിൽ വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിൽ കംപ്യൂട്ടർ എൻജിനിയറിങ്ങിൽ ബിരുദ വിദ്യാർഥിയാണ് കൃഷ്‌ലാൽ.
2024 നവംബർ 22-ന് കൂട്ടുകാർക്കൊപ്പം താമസസ്ഥലത്തേക്കു പോകുമ്പോൾ മറ്റൊരു സംഘവുമായി വാക്കേറ്റമുണ്ടായതിന്റെ പേരിലാണ് കൃഷ് ലാൽ അറസ്റ്റിലായതെന്നും ഇതിന് കുടിയേറ്റവുമായി ബന്ധമില്ലെന്നും കോടതി പറഞ്ഞു. മറ്റു ക്രിമിനൽ പശ്ചാത്തലങ്ങളൊന്നും ഇല്ലാതിരുന്ന അദ്ദേഹത്തെ കേസ് പരിശോധിച്ച ജില്ലാ അറ്റോർണി വെറുതേവിടുകയായിരുന്നു.
എന്നാൽ, 2025 ഏപ്രിൽ നാലിന് കൃഷ് ലാലിന്റെ സ്റ്റുഡന്റ് വിസ റദ്ദാക്കിയതായി വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയുടെ ഇന്റർനാഷണൽ സ്റ്റുഡന്റ് സർവീസസ് (ഐഎസ്എസ്) ഓഫീസ് അദ്ദേഹത്തെ ഇ-മെയിൽ വഴി അറിയിക്കുകയായിരുന്നു. മേയ് രണ്ടിന് യുഎസ് വിടണമെന്നും ഉത്തരവിട്ടു.
എന്നാൽ, കോഴ്സിന്റെ അവസാന സെമസ്റ്ററാണിത്. മികച്ച അക്കാദമിക് നിലവാരവും ഹാജരുമുള്ള കൃഷ്‌ലാലിന്റെ ബിരുദദാനത്തിന് ഇനി 30 ദിവസത്തിൽ താഴെ മാത്രമേ ബാക്കിയുള്ളൂ. വിസ റദ്ദാക്കി നാടുകടത്തിയാൽ ബിരുദം പൂർത്തിയാക്കുന്നതിന് അത് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ് തടഞ്ഞത്.
വിദ്യാർഥി വിസ റദ്ദാക്കപ്പെട്ട സംഭവങ്ങളിൽ, ദേശീയതലത്തിൽ ലഭിച്ച ആദ്യത്തെ വിജയങ്ങളിലൊന്നാണ് ഈ ഉത്തരവെന്ന് അഭിഭാഷകൻ ഷബ്നം ലോട്ട്ഫി പറഞ്ഞു. ട്രംപ് സർക്കാർ അധികാരമേറ്റശേഷം രാജ്യവ്യാപകമായി ഏകദേശം 1,300 വിദ്യാർഥികളുടെ വിസ റദ്ദാക്കിയിട്ടുണ്ട്.
അതിനിടെ, ട്രംപ് സർക്കാരിന്റെ നാടുകടത്തൽ ഭീഷണിക്കെതിരേ മിഷിഗനിൽ ഇന്ത്യൻ വിദ്യാർഥി ചിൻമയ് ദേവ്‌രെ കോടതിയെ സമീപിച്ചു. മിഷിഗൻ പബ്ലിക് സർവകലാശാലയിലെ വിദ്യാർഥിനിയാണ് ചിന്മയ്. ഇതേ സർവകലാശാലയിലെ ചൈനീസ് വിദ്യാർഥികളായ ഷിയാങ് യുൻ ബു, ചിയി യാങ് എന്നിവർക്കും നേപ്പാൾ വിദ്യാർഥിയായ യോഗേഷ് ജോഷിക്കുമൊപ്പമാണ് ചിന്മയ് പരാതി നൽകിയത്.
സ്റ്റുഡന്റ്ഡ് ആൻഡ് എക്സ്‌ചേഞ്ച് വിസിറ്റർ ഇൻഫർമേഷൻ സംവിധാനത്തിലെ(സെവിസ്) വിദ്യാർഥിവിസാ പദവി, കാരണം കാണിക്കുകയോ വിജ്ഞാപനം നൽകുകയോ ചെയ്യാതെ നിയമവിരുദ്ധമായി റദ്ദാക്കിയെന്ന് കാണിച്ചാണ് കേസുകൊടുത്തത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.