കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സ് – ജംഷേദ്പുര്‍ എഫ്.സി. മത്സരം സമനിലയില്‍. ഇരുടീമിനും ഓരോ ഗോള്‍ വീതം ലഭിച്ചു. ബ്ലാസ്റ്റേഴ്സിനായി കോറു സിങ് സ്‌കോര്‍ ചെയ്തപ്പോള്‍ മിലോസ് ഡ്രിനിസിച്ചിന്റെ ഓണ്‍ ഗോള്‍ രൂപത്തില്‍ ജംഷേദ്പുരിനെ ഭാഗ്യംതേടിയെത്തി. ആദ്യപകുതിയില്‍ ലീഡ് ചെയ്ത ബ്ലാസ്റ്റേഴ്സ് 86-ാം മിനിറ്റിലാണ് ഓണ്‍ ഗോള്‍ വഴങ്ങിയത്.
35ാം മിനിറ്റില്‍ ബോക്സിന്റെ വലതുവശത്തുനിന്ന് കോറോ സിങ് നടത്തിയ വലംകാല്‍ ഷൂട്ട് പോസ്റ്റിന്റെ വലതുമൂലയില്‍ ചെന്ന് പതിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് ലീഡ് ചെയ്തു. ദുഷന്‍ ലഗേറ്ററുടെ ഹെഡര്‍ പാസാണ് ഗോളിലേക്ക് വഴിവെച്ചത് (10). ഒരു ഗോളിന്റെ ആനുകൂല്യത്തില്‍ രണ്ടാംപകുതിയിലിറങ്ങിയ കേരളത്തിന് 86-ാം മിനിറ്റില്‍ വലിയ തിരിച്ചടി നേരിട്ടു. സെന്റര്‍ ബാക്ക് താരം മിലോസ് ഡ്രിനിസിച്ച് ഓണ്‍ ഗോള്‍ വഴങ്ങിയതോടെ മത്സരം സമനിലയില്‍ പിരിയേണ്ട സാഹചര്യമുണ്ടായി (11). ഇതിനിടെ 81-ാം മനിറ്റില്‍ ഡാനിഷ് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഇരട്ടിയാക്കിയെങ്കിലും റഫറി തെറ്റായി ഓഫ്സൈഡ് വിളിച്ചത് തിരിച്ചടിയായി.
പ്ലേ ഓഫ് മോഹം അവസാനിച്ചെങ്കിലും കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ജയിക്കാനുറച്ചാണ് മഞ്ഞപ്പട ഇറങ്ങിയത്. ജംഷേദ്പുര്‍ നേരത്തേ പ്ലേ ഓഫ് ഉറപ്പിച്ചതാണ്. സമനിലയോടെ ജംഷേദ്പുര്‍ 22 മത്സരങ്ങളില്‍നിന്ന് 12 ജയവും രണ്ട് സമനിലയും എട്ട് തോല്‍വിയുമായി 38 പോയിന്റ് നേടി മൂന്നാംസ്ഥാനത്തേക്ക് ഉയര്‍ന്നു. ഇത്രയും കളിയില്‍ ഏഴ് ജയവും നാല് സമനിലയും 11 തോല്‍വിയുമായി 25 പോയിന്റോടെ ബ്ലാസ്റ്റേഴ്സ് ഒന്‍പതാമത് തുടരുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply