ടെൽഅവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും ബങ്കറിലെന്ന് സിഎൻഎൻ റിപ്പോ‍ർട്ട്. ഇറാൻ്റെ തിരിച്ചടിക്ക് ശേഷമുള്ള സാഹചര്യം ബങ്കറിലിരുന്ന് ഇരുവരും വിലയിരുത്തിയെന്ന് ഇസ്രയേലി ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോ‍ർട്ട് ചെയ്യുന്നു. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി വെള്ളിയാഴ്ച നെതന്യാഹു സംസാരിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.

ഇതിനിടെ ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങളെയും വ്യോമതാവളങ്ങളെയും ലക്ഷ്യമിട്ടതായി ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. വീണ്ടും ഇസ്രായേൽ ആക്രമണം നടത്തിയ സാഹചര്യത്തിൽ ടെഹ്‌റാൻ്റെ വ്യോമ പ്രതിരോധ സംവിധാനം നിലവിൽ സജീവമാണെന്നും ഇറാനിയൻ വാ‍ർത്താ ഏജൻസികളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോ‍ർ‌ട്ട് ചെയ്തു. ഇതിനിടെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോ‍ർ‌ട്ടുകളുണ്ട്.ടെൽ അവീവിന് തെക്ക് റിഷോൺ ലെസിയണിലെ ജനവാസ മേഖലയിൽ ഇറാൻ്റെ മിസൈൽ പതിച്ചാണ് ഇതിൽ ഒരാൾ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. മിസൈൽ ആക്രമണത്തിൽ 20 ലധികം പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ എമർജൻസി സർവീസിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോ‍ർട്ട് ചെയ്തു. നിരവധി പാരാമെഡിക്കുകളെ സംഭവസ്ഥലത്തേക്ക് അയച്ചു. അവിടെ വ്യാപകമായ നാശനഷ്ടങ്ങളും നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയതായും കണ്ടെത്തി. റോയിട്ടേഴ്‌സ് വാർത്താ ഏജൻസി പുറത്ത് വിട്ട് ഒരു വീഡിയോയിൽ തകർന്ന വീടിൻ്റെ മേൽക്കൂരയും രക്ഷാപ്രവർ‌ത്തനവും വ്യക്തമാണ്.

ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരടക്കം 78 പേർ കൊല്ലപ്പെട്ടതായി ഇറാൻ്റെ യുഎൻ പ്രതിനിധി അമീർ സഈദ് ഇരവാനി വെള്ളിയാഴ്ച ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നു. 320-ലധികം പേർക്ക് പരിക്കേറ്റുവെന്നും അവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്നും ഇരവാനി വ്യക്തമാക്കിയിരുന്നു.

ഇന്നലെ ഇറാൻ്റെ നദാൻസ് ആണവകേന്ദ്രം ആക്രമിച്ചതിന് പിന്നാലെ ഫോർദോ, ഇസ്ഫഹാൻ തുടങ്ങിയ ഇറാൻ്റെ തന്ത്രപ്രധാനമായ ആണവ കേന്ദ്രങ്ങളിൽ ഇസ്രേയേൽ ഇന്ന് ആക്രമണം നടത്തിയിരുന്നു. ഇറാൻ്റെ ആണവ പദ്ധതിയുടെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന നദാൻസ് ആണവ കേന്ദ്രത്തിൽ ഇന്നലെ നടത്തിയ ആക്രമണത്തിൻ്റെ തുടർച്ചയാണ് ഫൊർദോ, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. തെഹ്‌റാനിലെ മെഹ്‌റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇന്ന് പുലർച്ചെ ഇസ്രയേൽ ആക്രമണം നടത്തിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. എന്നാൽ രാജ്യത്തെ ഭൂ​ഗർഭ ആണവനിലയങ്ങൾ സുരക്ഷിതമാണെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. എന്നാൽ നദാൻസ് ആണവ കേന്ദ്രം തകർന്നുവെന്നാണ് യുഎൻ ന്യൂക്ലിയർ വാച്ച്ഡോഗ് റിപ്പോർട്ട് ചെയ്യുന്നത്.

ഇസ്രയേൽ ആക്രമണത്തിന് ഇറാനും അതേ നാണയത്തിൽ തിരിച്ചടി നൽകിയെന്നാണ് റിപ്പോർട്ട്. ഏതാണ്ട് 300ഓളം മിസൈലുകൾ ഇറാൻ ഇസ്രയേലിലേയ്ക്ക് തൊടുത്തുവെന്നായിരുന്നു റിപ്പോ‍ർട്ട്. എന്നാൽ 150ഓളം മിസൈലുകൾ ഇറാൻ വിക്ഷേപിച്ചുവെന്നും ഒൻപത് മിസൈലുകൾ ഒഴികെ ബാക്കിയെല്ലാം വ്യോമപ്രതിരോധ സംവിധാനമായ അയേൺ ഡോം തകർത്തുവെന്നുമായിരുന്നു ഇസ്രയേൽ വ്യക്തമാക്കിയത്. ഇസ്രേയലിലെ ജെറുസലേമിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടെൽഅവീവിൽ ഇറാൻ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഇതിനിടെ ഇസ്രയേലിനെതിരായ തിരിച്ചടിയ്ക്ക് പിന്നാലെ ഇറാൻ്റെ തലസ്ഥാനമായ തെഹ്റാനിൽ ജനങ്ങൾ ദേശീയ പതാകയേന്തി ആഹ്ലാദപ്രകടനം നടത്തി. ഇസ്രയേലിൻ്റെ യുദ്ധവിമാനം വെടിവെച്ചിട്ടെന്നാണ് ഇറാൻ്റെ അവകാശവാദം. ഒരു ഇസ്രയേൽ പൈലറ്റിനെ പിടികൂടിയെന്നും റിപ്പോ‍ർട്ടുകളുണ്ട്. എന്നാൽ ഇസ്രയേൽ ഇത് നിഷേധിച്ചിട്ടുണ്ട്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply