
ന്യൂഡല്‍ഹി: നൂറാം ബഹിരാകാശ ദൗത്യത്തില്‍ ഇസ്രൊ വിക്ഷേപിച്ച ഗതിനിര്‍ണയ ഉപഗ്രഹം എന്‍വിഎസ്- 02ന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയര്‍ത്തല്‍ പ്രക്രിയയ്ക്ക് സാങ്കേതികത്തകരാര്‍ വഴിമുടക്കി. നിശ്ചിത ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ ഉയര്‍ത്താനുള്ള ജ്വലന പ്രക്രിയയിലാണു തടസം. ത്രസ്റ്ററുകള്‍ ജ്വലിപ്പിക്കാനുള്ള ഓക്‌സിഡൈസറുകളെ പ്രവേശിപ്പിക്കാനുള്ള വാല്‍വുകള്‍ തുറക്കാനാകുന്നില്ലെന്ന് ഇസ്രൊ അറിയിച്ചു. ഇതു പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.
യു.ആര്‍. റാവു ഉപഗ്രഹ കേന്ദ്രം നിര്‍മിച്ച എന്‍വിഎസ്-02 എന്ന ഗതിനിര്‍ണയ ഉപഗ്രഹം വൃത്താകൃതിയിലുള്ള ഭൂസ്ഥിരഭ്രമണപഥത്തില്‍ ഇന്ത്യയ്ക്കു മുകളിലാണു സ്ഥാപിക്കേണ്ടത്. ഉപഗ്രഹത്തിലെ ദ്രവ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാനായില്ലെങ്കില്‍ മുന്‍കൂട്ടി നിശ്ചയിച്ച ഭ്രമണപഥത്തില്‍ എന്‍വിഎസ് 02 സ്ഥാപിക്കുന്നത് വൈകുകയോ ഉപേക്ഷിക്കുകയോ ചെയ്യും.
നിലവില്‍ ദീര്‍ഘവൃത്താകൃതിയുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം. ഭൂമിയില്‍ നിന്ന് ഏറ്റവും അടുത്ത ബിന്ദു 170 കിലോമീറ്ററും അകന്ന ബിന്ദു 36,577 കിലോമീറ്ററുമുള്ളതാണ് ഈ ഭ്രമണപഥം. ഇതിന്റെ മറ്റു പ്രവര്‍ത്തനങ്ങളെല്ലാം ലക്ഷ്യമിട്ടതുപോലെ നടക്കുന്നുണ്ട്. ഭ്രമണപഥം ഉയര്‍ത്താനായില്ലെങ്കില്‍ ഇപ്പോഴത്തെ ദീര്‍ഘവൃത്താകൃതിയുള്ള ഭ്രമണപഥത്തില്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇതിനെ ഉപയോഗിക്കാനുള്ള മാര്‍ഗവും പരിശോധിക്കുമെന്ന് ഇസ്രൊ. ബുധനാഴ്ച പുലര്‍ച്ചെ 6.23ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ജിഎസ്എല്‍വി എഫ് 15 ദൗത്യത്തിലാണ് എന്‍വിഎസ് 02നെ ഭ്രമണപഥത്തിലെത്തിച്ചത്. ഇസ്രൊയുടെ നൂറാം ദൗത്യമായിരുന്നു ഇത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.