
ബെംഗളൂരു: ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍ (84) അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. ഒന്‍പതു വര്‍ഷക്കാലം ഐ.എസ്.ആര്‍.ഒയുടെ മേധാവിയായിരുന്നു. സ്പേസ് കമ്മീഷൻ, കേന്ദ്ര സര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1994 മുതല്‍ 2003 വരെ ഒന്‍പത് വര്‍ഷം ഐഎസ്ആര്‍ഒ ചെയര്‍മാനായി സേവനമനുഷ്ഠിച്ചു. അദ്ദേഹം ഐ.എസ്.ആർ.ഒ ചെയർമാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാപദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. 2003 ഓഗസ്റ്റ് 27-ന് വിരമിച്ചു. തുടര്‍ന്ന് 2003 മുതല്‍ 2009 വരെ രാജ്യസഭാ എം.പി.യായി. രാജ്യം പദ്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി ആദരിച്ചു. ഇന്ത്യയുടെ പ്ലാനിങ് കമ്മിഷന്‍ അംഗവും ഐഎസ്ആര്‍ഒ സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
പശ്ചിമഘട്ട സംരക്ഷണം മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കസ്തൂരിരംഗന്റെ നേതൃത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിലെ പരിഷ്‌കാരങ്ങള്‍ക്ക് ചുക്കാൻപിടിച്ചതും അദ്ദേഹമായിരുന്നു.
ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ചാന്‍സലര്‍, കര്‍ണാടക നോളജ് കമ്മിഷന്‍ ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യത്തെ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്‌കര-1, ഭാസ്‌കര-2 എന്നിവയുടെ പ്രൊജക്ട് ഡയറലായും സേവനമനുഷ്ഠിച്ചു. പിഎസ്എല്‍വി, ജിഎസ്എല്‍വി വിക്ഷേപണങ്ങള്‍ പോലുള്ള പ്രധാന നാഴികക്കല്ലുകള്‍ക്കും നേതൃത്വം നല്‍കി.
കൊച്ചിയില്‍ ചിറ്റൂര്‍ റോഡിലെ സമൂഹത്ത് മഠത്തില്‍ കൃഷ്ണസ്വാമിയുടെയും വിശാലാക്ഷിയുടെയും മകനായി 1940 ഒക്ടോബര്‍ 24-നാണ് ജനിച്ചത്. ശാസ്ത്രപഠനത്തില്‍ ചെറുപ്പത്തില്‍ തന്നെ താല്‍പര്യമുണ്ടായിരുന്നു. അഞ്ചാം ക്ലാസുവരെ കേരളത്തില്‍ പഠിച്ചു. പിന്നീട് പിതാവിന്റെ ജോലി സ്ഥലമായ മുബൈയിലേക്ക് മാറി. ബോംബെ സര്‍വകലാശാലയില്‍ നിന്ന് ഫിസിക്‌സില്‍ മാസ്റ്റർ ബിരുദം, എക്‌സിപിരിമെന്റല്‍ ഹൈ എനര്‍ജി അസ്‌ട്രോണമിയില്‍ ഡോക്ടറേറ്റ് എന്നിവ നേടി. വിക്രം സാരാഭായി അഹമ്മദാബാദില്‍ സ്ഥാപിച്ച ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ ജോലി ചെയ്യവെയായിരുന്നു ആ നേട്ടം,
ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി, ബാംഗ്ലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് എന്നിവയില്‍ ഓണററി പ്രഫസര്‍, കര്‍ണാടക വിജ്ഞാന കമ്മീഷന്‍ അംഗം, ബാംഗ്ലൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഡയറക്ടര്‍ തുടങ്ങി അനേകം പദവികളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.