
പ്രായമായവരെയും കുട്ടികളെയും മലകള്‍ കയറാന്‍ സഹായിക്കുന്ന പോര്‍ട്ടര്‍മാരെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇവരെ എടുത്ത് മല കയറ്റുക എന്നതാണ് ഈ പോര്‍ട്ടര്‍മാരുടെ ജോലി. അടുത്തിടെ ചൈനയില്‍ നിന്നുള്ള ഒരു പോര്‍ട്ടര്‍ വ്യക്തമാക്കിയത് താന്‍ ഇതിലൂടെ വര്‍ഷത്തില്‍ 36 ലക്ഷം വരെ സമ്പാദിക്കുന്നുണ്ട് എന്നാണ്. ദിവസത്തില്‍ ഇതുപോലെ രണ്ട് തവണയാണത്രെ ഇയാള്‍ മല കയറുന്നത്.
ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ മൗണ്ട് തായ് എന്ന സ്ഥലത്താണ് 26 -കാരനായ സിയാവോ ചെന്‍ ജോലി ചെയ്യുന്നത്. ഈ മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന യുനെസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് കൂടിയായ വിനോദസഞ്ചാര കേന്ദ്രത്തിലേക്കാണ് യുവാവ് സ്ത്രീകളെയും കുട്ടികളെയും ചുമന്ന് കയറുന്നത്. ഈ യാത്രയുടെ അവസാനത്തെ 1,000 പടികള്‍ കയറാനാണ് മിക്കവാറും ആളുകള്‍ അദ്ദേഹത്തിന്റെ സഹായം തേടുന്നത്.
തുടക്കത്തില്‍, ചെന്‍ തന്റെ സഹായം തേടി എത്തുന്നവരുടെ കൈകള്‍ പിടിച്ച് സ്റ്റെപ്പുകള്‍ കയറാന്‍ സഹായിക്കും. അവര്‍ ക്ഷീണിതരാകുമ്പോഴാണ് അവരെ തോളില്‍ ചുമന്ന് പടികള്‍ കയറുന്നത്. ഈ ജോലി ചെയ്യുന്നതിലൂടെ ചെന്‍ ഏകദേശം 42,000 ഡോളര്‍ ( 36 ലക്ഷത്തിലധികം രൂപ) സമ്പാദിക്കുന്നുവെന്നാണ് പറയുന്നത്. പകല്‍ യാത്രയ്ക്ക് 7,000 രൂപ വരെയും രാത്രിയിലെ യാത്രയ്ക്ക് 4,600 രൂപ വരെയുമാണ് ചെന്‍ ഈടാക്കുന്നത്.
ചെന്‍ പ്രതിമാസം 5.5 ലക്ഷം രൂപ വരെ ഇതിലൂടെ സമ്പാദിക്കുന്നുവെന്നും പറയുന്നു. അവസാനത്തെ 1,000 പടികള്‍ കയറാന്‍ ചെന്നിന് വേണ്ടി വരുന്നത് അര മണിക്കൂര്‍ സമയം ആണത്രെ. ചെന്നിനെ തേടി ഇഷ്ടം പോലെ ആളുകള്‍ എത്താറുണ്ട്. ഈ വന്‍ ഡിമാന്‍ഡ് കാരണം ചെന്‍ തന്നെ സഹായിക്കാന്‍ ടീം അംഗങ്ങളെ നിയമിച്ച് തുടങ്ങി. 25 -നും 40 -നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് പ്രധാനമായും ഇദ്ദേഹം മല കയറാന്‍ സഹായിക്കുന്നത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.