ന്യൂഡല്‍ഹി: ചാരവൃത്തിക്ക് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാക് ചാരന്മാരുമായി തനിക്ക് ബന്ധമുണ്ടെന്ന് സമ്മതിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര ഏജന്‍സികളുടെ ചോദ്യംചെയ്യലിലാണ് പാക് ചാരസംഘടനയായ ഐഎസ്‌ഐയില്‍ ഉള്‍പ്പെട്ടവരുമായി ബന്ധമുണ്ടെന്ന് ജ്യോതി മല്‍ഹോത്ര സമ്മതിച്ചത്. ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനും പാക് ചാരനുമായ ഡാനിഷുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നതായി യുവതി സമ്മതിച്ചിട്ടുണ്ടെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2023-ല്‍ പാകിസ്താന്‍ സന്ദര്‍ശിക്കാനുള്ള വിസയ്ക്കായി ഹൈക്കമ്മീഷനില്‍ പോയ സന്ദര്‍ഭത്തിലാണ് ഡാനിഷിനെ ആദ്യമായി പരിചയപ്പെട്ടതെന്നാണ് ജ്യോതിയുടെ മൊഴി. പാകിസ്താനിലെത്തിയപ്പോള്‍ ഡാനിഷ് വഴി അലി ഹസ്സന്‍ എന്നയാളെ പരിചയപ്പെട്ടു. ഇയാളാണ് പാകിസ്താനിലെ താമസവും യാത്രാസൗകര്യങ്ങളും ഏര്‍പ്പാടാക്കിയത്. പിന്നീട് അലി ഹസ്സന്‍ പാക് ചാരസംഘടനയിലെ ഉദ്യോഗസ്ഥരായ ഷാക്കിര്‍, റാണ ഷഹബാസ് എന്നിവരെ പരിചയപ്പെടുത്തി. ഷാക്കിറിന്റെ ഫോണ്‍ നമ്പര്‍ സംശയം തോന്നാതിരിക്കാന്‍ മറ്റൊരു പേരിലാണ് ഫോണില്‍ സേവ് ചെയ്തിരുന്നത്. ഇന്ത്യയില്‍ തിരികെ എത്തിയതിന് ശേഷവും പാക് ചാരന്മാരായ ഇവരുമായി ബന്ധം പുലര്‍ത്തിയിരുന്നു. വാട്‌സാപ്പ്, സ്‌നാപ്ചാറ്റ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ആശയവിനിമയം നടത്തിയിരുന്നതെന്നും ജ്യോതിയുടെ മൊഴിയിലുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, ജ്യോതിയുടെ സ്വകാര്യ ഡയറി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്. പാകിസ്താന്‍ സന്ദര്‍ശനത്തെക്കുറിച്ച് ജ്യോതി മല്‍ഹോത്ര ഡയറിയില്‍ വിശദമായി കുറിച്ചിരുന്നു. പാകിസ്താന്‍ യാത്ര ഏറെ സ്‌നേഹം നിറഞ്ഞതായിരുന്നുവെന്നും അവിടെനിന്ന് ഏറെ സ്‌നേഹം ലഭിച്ചെന്നുമാണ് ജ്യോതി പാകിസ്താന്‍ യാത്രയെക്കുറിച്ച് ഡയറിയില്‍ കുറിച്ചിരുന്നത്.

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രധാനചടങ്ങുകളുടെ വിവരങ്ങളും ജ്യോതി മല്‍ഹോത്ര പാക് ചാരന്മാര്‍ക്ക് കൈമാറിയിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഓപ്പറേഷന്‍ സിന്ദൂറിന് തലേദിവസം ഡല്‍ഹിയിലെത്തിയ ജ്യോതി മല്‍ഹോത്ര, അന്നേദിവസവും പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായിരുന്ന ഡാനിഷിനെ നേരില്‍കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply