തിരുവനന്തപുരം: പി.എസ്.സി അംഗങ്ങളുടെ ശമ്പള വര്‍ധനവിന് പിന്നാലെ, കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി.തോമസിന്റെ യാത്രാബത്ത ഉയര്‍ത്താന്‍ നിര്‍ദേശം. പ്രതിവര്‍ഷത്തെ തുക 11.31 ലക്ഷം ആക്കാനാണ് പൊതുഭരണ വകുപ്പിന്റെ ശുപാര്‍ശ. ബുധനാഴ്ച ചേര്‍ന്ന സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് വിഷയം വന്നത്. അഞ്ച് ലക്ഷം രൂപയായിരുന്നു സംസ്ഥാന ബജറ്റില്‍ കെ.വി.തോമസിന് യാത്രാബത്തയായി അനുവദിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞവര്‍ഷം 6.31 ലക്ഷം രൂപ ചിലവായതിനാല്‍ അഞ്ച് ലക്ഷം രൂപ പോരെന്നും 11.31 ലക്ഷം വേണമെന്നും ധനവകുപ്പിനോട് പൊതുഭരണ വകുപ്പിന്റെ പ്രോട്ടോക്കോള്‍ വിഭാ?ഗം ശുപാര്‍ശ ചെയ്യുകയായിരുന്നു. ഓണറേറിയം ഇനത്തില്‍ പ്രതിവര്‍ഷം ലക്ഷങ്ങള്‍ കെ.വി.തോമസിന് ലഭിക്കുന്നുണ്ട്. ഇതിനുപുറമെയാണ് യാത്രബത്ത ഇരട്ടിയാക്കാനുള്ള നിര്‍ദേശം.
ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് കോണ്‍ഗ്രസുമായി ഇടഞ്ഞ് സി.പി.എമ്മിനൊപ്പം കൂടിയ കെ.വി.തോമസിനെ 2023 ജനുവരിയിലാണ് ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയോഗിച്ചത്. അഞ്ച് ജീവനക്കാരാണ് അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിലുള്ളത്. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍ എന്നിങ്ങനെയാണ് നിയമനം. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ട്രഷറി നിയന്ത്രണത്തില്‍ ഇളവുവരുത്തി 12.50 ലക്ഷം രൂപ കെ.വി.തോമസിന് ഓണറേറിയം നല്‍കിയതും ആരോപണത്തിന് ഇടയാക്കിയിരുന്നു.
കാബിനറ്റ് റാങ്ക് നല്‍കിയുള്ള കെ.വി.തോമസിന്റെ നിയമനം അനാവശ്യ ചെലവാണെന്ന് പ്രതിപക്ഷം നിരന്തരം ആരോപണം ഉയര്‍ത്തിയിരുന്നു.
അതേസമയം, കഴിഞ്ഞദിവസമാണ് പി.എസ്.സി ചെയര്‍മാന്റേയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌ക്കരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ചെയര്‍മാന്റെ ശമ്പളസ്‌കെയില്‍ ജില്ലാ ജഡ്ജിമാരുടെ പരമാവധി സൂപ്പര്‍ ടൈം സ്‌കെയിലിനും അംഗങ്ങളുടേത് ജില്ലാ ജഡ്ജിമാരുടെ പരമാവധി സെലക്ഷന്‍ ഗ്രേഡിനും സമാനമായി പരിഷ്‌കരിക്കാനാണ് തീരുമാനം. 2,24,100 രൂപയാണ് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയില്‍ പരമാവധി അടിസ്ഥാനശമ്പളം. ഈ നിരക്കില്‍ ചെയര്‍മാന്റെ ശമ്പളം നിലവില്‍ 2.60 ലക്ഷത്തില്‍ നിന്ന് നാലുലക്ഷത്തിലധികമായി ഉയരും. അംഗങ്ങളുടെ അടിസ്ഥാനശമ്പളം 2,19,090 രൂപയായാണ് ഉയരുന്നത്. അവര്‍ക്കും ആനുകൂല്യങ്ങളടക്കം നാലുലക്ഷം രൂപവരെ ലഭിക്കും. 2.42 ലക്ഷമാണിപ്പോള്‍ ആനുകൂല്യങ്ങളടക്കം ലഭിക്കുന്നത്. ശമ്പള വര്‍ധനവിന് 2016 മുതല്‍ പ്രാബല്യമുണ്ടാകും. സാമ്പത്തിക പ്രതിസന്ധികാരണം പലതവണ മാറ്റിയ ശമ്പളവര്‍ധന ശുപാര്‍ശയാണ് ബുധനാഴ്ചത്തെ മന്ത്രിസഭായോഗം അംഗീകരിച്ചത്. ചെയര്‍മാനടക്കം 21 പി.എസ്.സി. അംഗങ്ങളാണുള്ളത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply