
കണ്ണൂര്‍: കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ഒമ്പത് മണിയോടെയാണ് ആന ചരിഞ്ഞത്. ജനവാസ മേഖലയിലിറങ്ങിയ കുട്ടിയാനയെ വൈകിട്ട് വെറ്റിനറി ഡോക്ടര്‍ അജീഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലാണ് മയക്കുവെടി വെച്ച് പിടികൂടിയത്. ആനയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആന പന്നിപ്പടക്കം കടിച്ചതാണ് മുറിവിന് കാരണമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്.
ആനയുടെ അന്നനാളത്തിന് ഉള്‍പ്പെടെ ഗുരുതര പരിക്കേറ്റിട്ടുണ്ട്. തീറ്റയോ വെള്ളമോ എടുക്കാന്‍ ആവാത്ത സ്ഥിതിയായിരുന്നു. പടക്കം പൊട്ടിയതിന്റെ ആഘാതത്തില്‍ പല്ലും നാക്കും ഉള്‍പ്പെടെ തകര്‍ന്നിരുന്നു. സംഭവത്തില്‍ കൊട്ടിയൂര്‍ റേഞ്ചില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. സിസിഎഫാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കണ്ണൂര്‍ ഡിഎഫ്ഒ സംഘത്തലവന്‍. 11 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം പൂര്‍ത്തിയാക്കി രണ്ട് മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
അയ്യന്‍കുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി ടൗണിന് സമീപത്ത് വനം വകുപ്പിന്റെ വാഹനത്തിനു നേരെ കാട്ടാന ആക്രമണം നടത്തിയിരുന്നു. റോഡില്‍നിന്ന് തുരത്തിയെങ്കിലും ആന തൊട്ടടുത്ത റബര്‍ തോട്ടത്തില്‍ നിലയുറപ്പിക്കുകയിരുന്നു. ആനയെ കാട്ടിലേക്ക് തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീവ്ര ശ്രമം നടത്തിയിരുന്നു. തുടര്‍ന്നാണ് മയക്കുവെടി വെച്ച് പിടികൂടിയിരുന്നത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.