
വാഴ്സാ: കടുത്ത മത്സരത്തിന് ശേഷം കരോള്‍ നവ്റോസ്കി പോളണ്ടിന്‍റെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. 50.89 ശതമാനം വോട്ടുനേടിയാണ് നവ്‌റോസ്‌കി ജയിച്ചത്. ലിബറൽ പാർട്ടി സ്ഥാനാർഥിയുമായ റഫാൽ ട്രസസ്‌കോവ്‌സ്‌കിയെയാണ് പരാജയപ്പെടുത്തിയത്. എക്‌സിറ്റ് പോൾ ഫലങ്ങൾ ട്രസസ്‌കോവ്‌സ്‌കിക്ക് അനുകൂലമായിരുന്നു. എന്നാല്‍ ഇദ്ദേഹം 49.11 ശതമാനം വോട്ടാണ് നേടിയത്. ഞായറാഴ്ചനടന്ന രണ്ടാംവട്ട തിരഞ്ഞെടുപ്പിൽ 50.89 ശതമാനം വോട്ടുനേടി കരോള്‍ നവ്റോസ്കി വിജയിച്ചത്. മേയ് 18-നുനടന്ന ആദ്യവട്ട തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കും 50 ശതമാനത്തിലേറെ വോട്ടുകിട്ടാഞ്ഞതാണ് രണ്ടാംവട്ട വോട്ടെടുപ്പിനിടയാക്കിയത്.
യൂറോപ്പിന്റെ സുരക്ഷയും അഭിവൃദ്ധിയും ഉറപ്പാക്കാൻ ഒരുമിച്ചു പ്രവർത്തിക്കാമെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫൊണ്ടെ ലെയ്ൻ കരോള്‍ നവ്റോസ്കിയുടെ വിജയത്തെ തുടര്‍ന്ന് പറഞ്ഞു. യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി, ഹംഗേറിയൻ പ്രധാനമന്ത്രി വിക്തോർ ഓർബൻ തുടങ്ങിയ നേതാക്കൾ നവ്‌റോസ്‌കിയെ അഭിനന്ദിച്ചു.കടുത്തയാഥാസ്ഥിതികനായാണ് കരോൾ നവ്‌റോസ്‌കി അറിയപ്പെടുന്നത്.