
കൊല്ലം: സി പി എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ചേരുന്ന സമ്മേളനത്തില്‍ 5.30 പ്രതിനിധികള്‍ പങ്കെടുക്കും. രാവിലെ 9 മണിയോടെ മുതിര്‍ന്ന നേതാവ് എ കെ ബാലന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് പി ബി അംഗവും കേന്ദ്ര കമ്മിറ്റി കോ – ഓര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിക്കും. ഇതോടൊപ്പം നവ കേരള നയ രേഖ മുഖ്യമന്ത്രിയും അവതരിപ്പിക്കും. സംസ്ഥാനത്തേക്ക് വന്‍കിട നിക്ഷേപം ഉള്‍പ്പെടെ ആകര്‍ഷിക്കാന്‍ കഴിയുന്ന നിര്‍ദ്ദേശങ്ങള്‍ അടക്കം ചേര്‍ന്നാണ് നയരേഖ. പ്രായപരിധി കര്‍ശനമാക്കുന്നതോടെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് എ കെ ബാലന്‍ , ആനാവൂര്‍ നാഗപ്പന്‍ , പി കെ ശ്രീമതി എന്നിവര്‍ ഒഴിവാകും. സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദന്‍ തുടരും.
3 പതിറ്റാണ്ടിനിപ്പുറം കൊല്ലത്തെത്തിയ സി പി എം സംസ്ഥാന സമ്മേളനം അക്ഷരാര്‍ത്ഥത്തില്‍ ജില്ലയെ ചുവപ്പിച്ചിരിക്കുകയാണ്. പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത് ബുധനാഴ്ച വൈകുന്നേരം സ്വാഗത സംഘം ചെയര്‍മാനും ധനമന്ത്രിയുമായ കെ എന്‍ ബാലഗോപാല്‍ പതാക ഉയര്‍ത്തിയതോടെ സംസ്ഥാന സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായിരുന്നു. ഇന്ന് രാവിലെയാകും പ്രതിനിധി സമ്മേളനത്തിന്റെ പതാക ഉയരുക. ശേഷം 9 മണിക്ക് പൊളിറ്റ്ബ്യൂറോ അംഗവും കേന്ദ്ര കമ്മിറ്റി കോ – ഓര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതോടെ ചൂടേറിയ ചര്‍ച്ചകളിലേക്കാകും സി പി എം കടക്കുക. 44 നിരീക്ഷകരും അതിഥികളും ഉള്‍പ്പടെ 5.30 പേരാണ് ഇത്തവണ സി പി എം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളായിട്ടുള്ളത്.
75 വയസ്സെന്ന പ്രായപരിധി കര്‍ശനമായി നടപ്പാക്കാന്‍ ഉറപ്പിച്ചാണ് സി പി എം കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളന നടപടികളിലേക്ക് കടക്കുന്നത്. മുതിര്‍ന്ന നേതാക്കളായ എ കെ ബാലന്‍, ആനാവൂര്‍ നാഗപ്പന്‍, പി കെ ശ്രീമതി തുടങ്ങിയവര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിയുമെന്ന് ഉറപ്പായിട്ടുണ്ട്. സമ്മേളന കാലത്ത് 75 തിരയാത്തത് കൊണ്ട് കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജനും എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റിയിലുണ്ടാകും. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെ ഇളവ് നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന സമ്മേളനവും ഇളവ് നല്‍കുമോ എന്നതാണ് കണ്ടറിയേണ്ടത്. നിലവിലെ സൂചനകളെല്ലാം പിണറായി സംസ്ഥാന കമ്മിറ്റിയില്‍ തുടരുമെന്നാണ് വ്യക്തമാക്കുന്നത്.
മന്ത്രി എം ബി രാജേഷ് , കടകംപള്ളി സുരേന്ദ്രന്‍, ടി എന്‍ സീമ എന്നിവര്‍ സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായി പരിഗണിക്കപ്പെട്ടേക്കും. കണ്ണൂരില്‍ നിന്നുള്ള എം വി ജയരാജനേയും പി ജയരാജനേയും പരിഗണിക്കുമോ അതോ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി ശശി ആകുമോ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തുക എന്ന കാര്യത്തില്‍ രാഷ്ട്രീയ കൗതുകം തുടരുകയാണ്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.