കോട്ടയം: കോട്ടയത്തെ ഇരട്ടക്കൊലയിൽ പ്രതി അസം സ്വദേശി അമിത് ഒറാങ് ഉറപ്പിച്ച് പോലീസ്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം. സിസിടിവി ദൃശ്യങ്ങളിൽ നടന്നു പോകുന്നയാൾ അമിത് ഒറാങ് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊല്ലാനുപയോഗിച്ച മഴുവിൽ നിന്ന് ലഭിച്ച വിരലടയാളം ഇയാളുടേതാണെന്നും പോലീസ് സ്ഥിരീകരിക്കുന്നുണ്ട്.

മോഷണക്കേസുമായി ബന്ധപ്പെട്ട് അമിതിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്ത് അമിത്തിന്റെ വിരലടയാളം ഉൾപ്പെടെ പോലീസ് ശേഖരിച്ചിരുന്നു. ശാസ്ത്രീയ പരിശോധന ഫലത്തിൽ ഈ വിരലടയാളവും സംഭവസ്ഥലത്ത് നിന്ന് ലഭിച്ച് മഴുവിലെ വിരലടയാളവും തമ്മിൽ ഒത്തുപോകുന്നുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ഇയാൾ ഇപ്പോൾ ഒളിവിലാണെന്നാണ് വിവരം. പ്രതി കൃത്യം ചെയ്തതിന് ശേഷം കേരളം വിട്ടതായാണ് ലഭിക്കുന്ന വിവരം. അവസാനമായി മൊബൈൽ ഫോൺ ഓൺ ആയപ്പോൾ സേലത്തായിരുന്നു ലൊക്കേഷൻ കാണിച്ചത്. പ്രതിയുടെ കൈയിൽ പത്തോളം ഫോണുകളും നിരവധി സിമ്മുകളും ഉണ്ട്. ഇതുപയോഗിച്ചാണ് ആളുകളെ ഇയാൾ ബന്ധപ്പെടുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ. വിജയകുമാർ (64), ഭാര്യ ഡോ. മീര വിജയകുമാർ (60) എന്നിവരാണ് വീടിനുള്ളിൽ ക്രൂരമായി കൊല്ലപ്പെട്ടത്. 2017 ജൂണിൽ കോട്ടയം തെള്ളകത്ത് റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ കണ്ട യുവവ്യവസായി ഗൗതം വിജയകുമാറി(28)ന്റെ മാതാപിതാക്കളാണ് ഇവർ. ഇൗ കേസിൽ സിബിഐ അന്വേഷണം തുടങ്ങി ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ.

ചൊവ്വാഴ്ച രാവിലെ ജോലിക്കാരി രേവമ്മ വന്നപ്പോഴാണ് കൊലപാതകവിവരമറിയുന്നത്. കേൾവിപരിമിതിയുള്ള തോട്ടക്കാരൻ ബോണ്ട് രാജ് ഒൗട്ട്ഹൗസിൽ ഉണ്ടായിരുന്നെങ്കിലും വിവരം അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാത്രി 12.30-നും ഒന്നിനും ഇടയിലാണ് കൊല നടന്നതെന്ന് കരുതുന്നു.

വീട്ടിലെ മുൻജോലിക്കാരൻ അസം സ്വദേശി അമിത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാളുടെ ഫോണിന് സേലത്തുനിന്ന് സിഗ്നൽ ലഭിച്ചെങ്കിലും പിന്നീട് ഒാഫായി. വിജയകുമാറിന്റെ ഫോൺ തട്ടിയെടുത്ത് സാമ്പത്തികത്തട്ടിപ്പ് നടത്തിയതിന് ഇയാൾ ജയിലിലായിരുന്നു. പുറത്തിറങ്ങിയശേഷം വിജയകുമാറിന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നതായി സൂചനയുണ്ട്. വീട്ടിൽ 16 നിരീക്ഷണക്യാമറകളുണ്ട്. ജനലിന്റെ ഗ്ലാസ് തുരന്നുമാറ്റി, കുറ്റിയെടുത്ത് ജനൽപ്പാളി തുറന്നതായാണ് നിഗമനം. ഇതിലേ കൈയിട്ട് വാതിലിന്റെ കുറ്റിനീക്കി അകത്തുകയറി.

മൃതദേഹങ്ങൾ രണ്ടുമുറികളിലായിരുന്നു. കോടാലികൊണ്ട് തലയ്ക്കടിച്ചശേഷം തലയണകൊണ്ട് മുഖം അമർത്തി മരണം ഉറപ്പാക്കിയെന്നാണ് കരുതുന്നത്. മകൾ: ഗായത്രി (യുഎസ്). ആറു മാസം മുൻപായിരുന്നു ഗായത്രിയുടെ വിവാഹം.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply