
തലമുറകള്‍ മാറുംതോറും പ്രണയത്തിലും ബന്ധങ്ങളിലും അതിന്റേതായ മാറ്റങ്ങളുണ്ടാകും. തൊണ്ണൂറുകളിലുള്ള പ്രണയത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഇപ്പോഴത്തെ കാഴ്ച്ചപ്പാടുകള്‍. കാമുകിയും കാമുകനും തമ്മിലുള്ള ബന്ധങ്ങളുടെ നിര്‍വചനങ്ങളും മാറിയിരിക്കുന്നു. അത്തരത്തില്‍ ഒരു യുവതി എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. തനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം പരാതികള്‍ സമര്‍പ്പിക്കാന്‍ കാമുകന്‍ യുവതിക്കുവേണ്ടി മാത്രം ഒരു വ്യക്തിഗത പരാതി വെബ് പോര്‍ട്ടല്‍ നിര്‍മിച്ച് നല്‍കിയതിനെ കുറിച്ചാണ് ആ പോസ്റ്റ്.
സെഹജ് എന്ന യുവതിയാണ് തന്റെ കാമുകന്‍ ഇഷാന്‍ നിര്‍മിച്ച പോര്‍ട്ടലിനെ കുറിച്ച് കുറിപ്പ് പങ്കുവെച്ചത്. ഒപ്പം ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഗയ്‌സ്, എന്റെ കാമുകന്‍ വളരെ ക്യൂട്ടാണ്. എനിക്ക് പരാതികളുള്ളപ്പോഴെല്ലാം ഉപയോഗിക്കാന്‍ അവന്‍ എനിക്കൊരു പരാതി പോര്‍ട്ടല്‍ ഉണ്ടാക്കി തന്നു.’-യുവതി എക്‌സില്‍ കുറിച്ചു.
ഒരു രസകരമായ സ്വാഗത സന്ദേശത്തോടെയാണ് പോര്‍ട്ടല്‍ തുടങ്ങുന്നത്. ‘നിങ്ങളുടെ സ്വന്തം പോര്‍ട്ടലിലേക്ക് സ്വാഗതം, മൗസ്. എനിക്ക് വായിച്ച് ആസ്വദിക്കാന്‍ കെട്ടിച്ചമച്ച പരാതികള്‍ ഇവിടെ സമര്‍പ്പിക്കാം. നീ ആവശ്യപ്പെട്ടുതുപോലെ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. നിങ്ങളുടെ അക്കൗണ്ട് ഇവിടെ ലോഗിന്‍ ചെയ്യുക.’-ഇതാണ് സ്വാഗത സന്ദേശം.
‘തലക്കെട്ട്,’ ‘നിങ്ങളെ എന്താണ് അലട്ടുന്നത്?’, ‘മാനസികാവസ്ഥ’, ‘തീവ്രത’ തുടങ്ങിയ ഫീല്‍ഡുകളുള്ള ഒരു ഫോമും പോര്‍ട്ടലിലുണ്ട്. ‘നന്ദി, സെഹജ്. നിങ്ങളുടെ പരാതി ഇഷാന് അയച്ചിട്ടുണ്ട്. അദ്ദേഹം ഉടന്‍ നിങ്ങളെ ബന്ധപ്പെടും! (അദ്ദേഹം അതിനെക്കുറിച്ച് ആലോചിക്കും). മറ്റൊന്ന് സമര്‍പ്പിക്കുക.’ പരാതി സമര്‍പ്പിച്ച് കഴിഞ്ഞാല്‍ ഈ സന്ദേശം സ്‌ക്രീനില്‍ ദൃശ്യമാകും.
ഇതിന് താഴെ ഒട്ടേറെപ്പേര്‍ പ്രതികരിച്ചിട്ടുണ്ട്. പ്രണയത്തിനുവേണ്ടി നിര്‍മിച്ച ഒരു കസ്റ്റം കംപ്ലെയ്ന്റ് പോര്‍ട്ടല്‍ എന്ന ആശയം മികച്ചതാണെന്നായിരുന്നു ചിലരുടെ അഭിപ്രായം. ഇങ്ങനെയുള്ള സ്‌നേഹം എനിക്കും ലഭിക്കട്ടെ എന്നായിരുന്നു ഒരു കമന്റ്. നിങ്ങളുടെ പരാതികളെ കെട്ടിച്ചമച്ചതെന്നും അസംബന്ധമെന്നും വിശേഷിപ്പിക്കുന്നതായിരിക്കണം നിങ്ങള്‍ എഴുതുന്ന ആദ്യ പരാതി എന്നായിരുന്നു ഒരു ഉപയോക്താവിന്റെ പ്രതികരണം.
സ്വന്തം ജീവിതത്തില്‍ നിന്നുള്ള അനുഭവവും ഒരു യുവാവ് ഇതിന് താഴെ പങ്കുവെച്ചിട്ടുണ്ട്. അച്ഛന് ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ ഒരു കപ്പ് കാപ്പി കിട്ടുന്നതിനായി താനുണ്ടാക്കിയ വെബ്‌സൈറ്റിനെ കുറിച്ചാണ് യുവാവ് പറയുന്നത്. റെയില്‍വേ, റോഡിലെ കുഴികള്‍, കേടായ തെരുവ് വിളക്കുകള്‍ തുടങ്ങിയവക്ക് സമാനമായ ഒരു പരാതി പോര്‍ട്ടല്‍ നമിക്ക് അത്യാവശ്യമാണെന്നും സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഈ യുവാവിന് ജോലി നല്‍കണമെന്നുമായിരുന്നു മറ്റൊരു ഉപയോക്താവിന്റെ കമന്റ്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.