
മലപ്പുറം: തേള്‍പാറയില്‍ ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി. തേള്‍ പാറ കുറുമ്പ ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ച കൂട്ടിലാണ് കരടി കുടുങ്ങിയത്. നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. ഇവിടെ കരടിയുടെ ആക്രമണഭീതി രൂക്ഷമായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കരടിയെ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
വന്യജീവികള്‍ കാടിറങ്ങുന്നത് അറിയാന്‍ വനാതിര്‍ത്തിയില്‍ സി.സി.ടി.വി കാമറകള്‍ പ്രായോഗികമല്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. ക്യാമറയുടെ പരിധിയില്‍ വരുമ്പോള്‍ മാത്രമേ വന്യമൃഗങ്ങളെ കാണാനാവൂ. പല മൃഗങ്ങളും വള്ളിപ്പടര്‍പ്പുകളിലും മറ്റും മറഞ്ഞാണിരിക്കുന്നത്. മനുഷ്യശേഷിയാണ് പ്രായോഗികം.വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ സ്വകാര്യ എസ്റ്റേറ്റുകള്‍, തോട്ടങ്ങള്‍ എന്നിവയുടെ ഉടമസ്ഥര്‍ കുറ്റിക്കാടുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 20 ഫോറസ്റ്റ് സ്റ്റേഷനുകള്‍ക്കുള്ള ശുപാര്‍ശ ധനവകുപ്പിന് സമര്‍പ്പിച്ചു. ഫോറസ്റ്റ് സ്റ്റേഷനില്ലാത്ത കാസര്‍കോടിനായിരിക്കും പ്രഥമപരിഗണനയെന്ന് മന്ത്രി വ്യക്തമാക്കി.