കൊച്ചി: പ്രമുഖ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം കൊച്ചിയിലായിരുന്നു അന്ത്യം.200ലേറെ മലയാള സിനിമകളിലായി എഴുന്നൂറിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. പത്തിലേറെ സിനിമകള്‍ക്ക് തിരക്കഥയെഴുതി. ആര്‍.ആര്‍.ആര്‍, ബാഹുബലി (രണ്ടുഭാഗങ്ങള്‍), യാത്ര, ധീര, ഈച്ച എന്നീ ചിത്രങ്ങളുടെ മൊഴിമാറ്റ തിരക്കഥകളും അദ്ദേഹത്തിന്റേതായിരുന്നു. ലക്ഷാര്‍ച്ചന കണ്ടുമടങ്ങുമ്പോള്‍, ഇളംമഞ്ഞിന്‍ കുളിരുമായി, ഇവിടമാണീശ്വ സന്നിധാനം, കാളിദാസന്റെ കാവ്യ ഭാവനയെ, ഗംഗയില്‍ തീര്‍ഥമാടിയ കൃഷ്ണശില, പാലരുവീ നടുവില്‍, ഒരു പുന്നാരം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ പാട്ടുകളില്‍ ചിലതാണ്.
നാടകഗാനങ്ങളിലൂടെ ഗാനരചനാരംഗത്തേക്ക് കടന്നുവന്ന മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എം.എസ്. വിശ്വനാഥന്‍, ദേവരാജന്‍, എം.കെ. അര്‍ജുനന്‍, രവീന്ദ്രജയിന്‍, ബോംബെ രവി, കെ.വി. മഹാദേവന്‍, ബാബുരാജ്, ഇളയരാജ, എ.ആര്‍. റഹ്‌മാന്‍, കീരവാണി, ഹാരിസ് ജയരാജ്, യുവന്‍ ശങ്കര്‍രാജ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. കവി, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണരചയിതാവ് എന്നീനിലകളിലും ശ്രദ്ധേയനായിരുന്നു.
എഴുപതുകളില്‍ ചലച്ചിത്രഗാനരംഗത്തെത്തിയ അദ്ദേഹം ഓരോ കാലത്തും ഹിറ്റുകള്‍ തീര്‍ത്തുകൊണ്ടിരുന്നു. പുതിയ തലമുറയ്ക്കും ‘ബാഹുബലി’യിലെ പാട്ടുകളിലൂടെ അദ്ദേഹം സുപരിചിതനാണ്.
1970-ല്‍ മദിരാശിയിലെത്തിയതാണ് ജീവിതത്തിലെ വഴിത്തിരിവ്. ചെറുപ്പംമുതല്‍ കവിതയെഴുതുമായിരുന്നു. നാട്ടില്‍ ഒരു പ്രസിദ്ധീകരണത്തിലെ ജോലിക്കിടെയാണ് ചെന്നൈയില്‍ അന്വേഷണം മാസികയുടെ എഡിറ്ററായി ക്ഷണം ലഭിച്ചത്. മനസ്സില്‍ സിനിമാ സ്വപ്നവുമായി മദിരാശിക്ക് വണ്ടികയറി. 1971-ല്‍ പുറത്തിറങ്ങിയ ‘വിമോചനസമരം’ എന്ന സിനിമയില്‍ ആദ്യമായി പാട്ടെഴുതി. 1974-ല്‍ പുറത്തിറങ്ങിയ ‘അയലത്തെ സുന്ദരി’ എന്ന ചിത്രത്തിലെ ‘ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍…’ എന്നാരംഭിക്കുന്ന ഗാനം സൂപ്പര്‍ഹിറ്റായി. പിന്നീടിങ്ങോട്ട് സന്തോഷവും ദുഃഖവും പ്രണയവും വിരഹവുമെല്ലാം തൂലികയില്‍ പാട്ടുകളായി മാറി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളില്‍നിന്ന് അദ്ദേഹം സിനിമാഗാനങ്ങള്‍ മൊഴിമാറ്റിയിട്ടുണ്ട്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply