
തിരുവനന്തപുരം: മൂന്നു സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ ഹൊസൂരില്‍ നിന്നാണ് സന്തോഷ് എന്നറിയപ്പെടുന്ന രവിയെ കേരള തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ശ്രമകരമായ ദൗത്യത്തിലൂടെ പിടികൂടിയത്. തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ സഹായത്തോടെയും നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും ആണ് സന്തോഷിനെ പിടികൂടിയതെന്ന് എ.ടി.എസ് എസ്.പി സുനില്‍.എം.എല്‍ ഐ.പി.എസ് അറിയിച്ചു. 2013 മുതല്‍ നാടുകാണി, കബനി, നാടുകാണി ദളങ്ങളില്‍ സന്തോഷ് സജീവമായിരുന്നു.
2013 മുതല്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്ന കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ മേഖലയിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ സന്തോഷ് ഒരു പ്രധാന കണ്ണിയായിരുന്നു. കൂടാതെ 2013 മുതല്‍ ഈ പ്രദേശത്ത് നടന്ന സായുധവിപ്ലവ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. നാടുകാണി, കബനി സ്‌ക്വാഡുകളില്‍ പ്രവര്‍ത്തിച്ച സന്തോഷ് കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഏകദേശം 45 ഓളം യുഎപിഎ കേസുകളില്‍ പ്രതിയാണ്.
2024 ജൂലൈയില്‍ സന്തോഷ് സഹ മാവോയിസ്റ്റ് പ്രവര്‍ത്തകരായ സി പി മൊയ്തീന്‍, പി കെ സോമന്‍, മനോജ് പി.എം എന്നിവരോടൊപ്പം കേരള വനപ്രദേശത്തെ പൊലീസ് നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്നുള്ള നിരന്തരമായ ശ്രമങ്ങളുടെ ഫലമായി എടിഎസ് സേനക്ക് സി പി മൊയ്തീന്‍, പി കെ സോമന്‍, മനോജ് പി.എം എന്നിവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലും സന്തോഷ് കേരളത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. അതിനുശേഷം എടിഎസ് സേനയുടെ നിരന്തര ശ്രമഫലമായാണ് പിടികൂടാനായത്.
2013 മുതല്‍ കഴിഞ്ഞ 12 വര്‍ഷമായി കേരള പൊലീസ്, കേരള എടിഎസ്, കേരള എസ്ഒജി, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ മറ്റ് സംസ്ഥാന ഏജന്‍സികള്‍ എന്നിവ ചേര്‍ന്ന് നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി കേരളത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന എല്ലാ പിഎല്‍ജിഎ മാവോയിസ്റ്റ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുന്നതിനോ കീഴടക്കുന്നതിനോ സാധിച്ചിട്ടുള്ളതാണ്. ഇന്റലിജന്‍സ് ശേഖരണം, തന്ത്രപരമായ ഓപ്പറേഷനുകള്‍, അന്തര്‍സംസ്ഥാന സഹകരണത്തിലൂടെയും എന്നിവയിലൂടൊണ് നേട്ടം കൈവരിക്കാന്‍ സേനകള്‍ക്ക് സാധിച്ചതെന്നും എ.ടി.എസ് എസ്.പി സുനില്‍.എം.എല്‍ ഐ.പി.എസ് അറിയിച്ചു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.